കൊൽക്കത്ത - പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധത്തിനിടെയുണ്ടായ ഖാലസ്ഥാൻ വിളിയിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥൻ ജസ്പ്രീത് സിംഗ്.
'ഞാൻ തലപ്പാവ് ധരിച്ചതിനാലാണോ നിങ്ങൾ ഖാലിസ്ഥാനി എന്ന് വിളിച്ചത്? ഇതാണോ നിങ്ങളുടെ ധൈര്യം? ഏതെങ്കിലും പോലീസുകാരൻ തലപ്പാവ് ധരിച്ച് ജോലി ചെയ്താൽ അയാൾ ഖാലിസ്ഥാനി ആകുമോ? ഇതാണോ നിങ്ങളുടെ നിലവാരമെന്ന്' ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബി.ജെ.പി എം.എൽ.എമാരുടെ സംഘത്തോട് ജസ്പ്രീത് സിംഗ് ചോദിച്ചു.
'ഞാൻ നിങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. നിങ്ങൾക്ക് എന്റെ കാര്യത്തിൽ ഒന്നും പറയാനാവില്ല. നിങ്ങളുടെ മതത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? പിന്നെ എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നും' സിംഗ് ബി.ജെ.പി നേതാക്കളോട് ചോദിച്ചു. തലപ്പാവ് ധരിച്ചതിനാലാണ് തന്നെ അവർ ഖലിസ്ഥാനി എന്ന് വിളിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് ബി.ജെ.പി സംഘത്തെ പോലീസ് തടഞ്ഞിരുന്നു. ഇത് സംഘർഷത്തിന് ഇടയാക്കിയപ്പോഴാണ് സിഖ് വേഷധാരിയായ പോലീസ് ഉദ്യോഗസ്ഥന് നേരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള സമരക്കാരിൽനിന്ന് ഖാലിസ്ഥാനി വിളിയുണ്ടായത്. സംഭവത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്.
ഹിന്ദു സ്ത്രീകൾക്കെതിരെ വ്യാപകമായ അതിക്രമം നടക്കുന്നുവെന്നാരോപിച്ചായിരുന്നു സുന്ദർബനിലെ സന്ദേശ് ഖാലിയിലേക്ക് ബി.ജെ.പി സംഘം പ്രതിഷേധവുമായി നീങ്ങിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ മമതയുടെ പോലീസ് തല്ലിയൊതുക്കാൻ ശ്രമിച്ചെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.