വാഷിംഗ്ടൺ - 2800 കോടി രൂപയിലധികം (340 മില്യൺ ഡോളർ) ജാക്ക്‌പോട്ട് ലോട്ടറിയടിച്ചുവെന്ന് ലിസ്റ്റ് ചെയ്തതിന് പിന്നാലെ തുക നിഷേധിച്ച് അധികൃതർ. ഇതേ തുടർന്ന് അമേരിക്കൻ ലോട്ടറി ഗെയിം കമ്പനിയായ പവർബോളിനും ഡി.സി ലോട്ടറിക്കുമെതിരേ നിയമനടപടിയുമായി വാഷിംഗ്ടൺ സ്വദേശി രംഗത്ത്.
ജനുവരി ആറിനാണ് ജോൺ ചീക്‌സ് പവർബോൾ ടിക്കറ്റെടുത്തത്. രണ്ട് ദിവസത്തിനുശേഷം ഡി.സി ലോട്ടറിയുടെ വെബ്‌സൈറ്റിൽ സമ്മാനർഹമായ ടിക്കറ്റ് നമ്പറായി തന്റെ ടിക്കറ്റ് നമ്പർ പ്രസിദ്ധീകരിച്ചതായും ജോൺ ചീക്‌സ് പറഞ്ഞു. തുടർന്ന് ഈ ടിക്കറ്റ് നമ്പറുമായി ഓഫീസ് ഓഫ് ലോട്ടറി ആൻഡ് ഗെയിമിംഗ് (OLG) അധികൃതരെ സമീപ്പിച്ചപ്പോൾ, ഈ നമ്പർ യഥാർത്ഥമല്ലെന്നും വെബ്‌സൈറ്റിലെ പിഴവാണെന്നും കമ്പനി വാദിക്കുകയായിരുന്നു.
എന്നാൽ, തന്റെ നമ്പറാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും കമ്പനിയുടെ തെറ്റായ നിലപാട് മൂലം പവർബോളിന്റെ തത്സമയ നറുക്കെടുപ്പ് തുക തനിക്ക് ലഭിച്ചില്ലെന്നും കമ്പനി ചതിച്ചെന്നും ചൂണ്ടിക്കാട്ടി ജോൺ ചീക്‌സ് കമ്പനിക്കെതിരേ പരാതി നൽകിയിരിക്കുകയാണ്.
നിലവിൽ ലോട്ടറിയിൽ നിന്ന് ലഭിക്കേണ്ട തുകയും പവർബോൾ ജാക്ക്‌പോട്ടിന്റെ നഷ്ടപരിഹാരവും അതിൽ നിന്ന് ലഭിക്കുമായിരുന്ന പ്രതിദിന പലിശയും ചേർത്ത് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് 'ഭാഗ്യവാന്റെ' ആവശ്യം. കരാർ ലംഘനം, അശ്രദ്ധ, വൈകാരിക ബുദ്ധിമുട്ടുകൾ, വഞ്ചന എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത കേസുകളാണ് ചീക്‌സിനായി അഭിഭാഷകൻ ഫയൽ ചെയ്തതെത്. വിജയിച്ച നമ്പർ ചീക്‌സിന്റെ നമ്പറുകളുമായി പൊരുത്തപ്പെടുന്നതിനാൽ, മുഴുവൻ ജാക്ക്‌പോട്ടും അദ്ദേഹത്തിന് ലഭിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ റിച്ചാർഡ് ഇവാൻസ് പ്രതികരിച്ചു.
ഈ കേസ് ലോട്ടറി പ്രവർത്തനങ്ങളുടെ സമഗ്രതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും എന്റെ കക്ഷി ചീക്‌സിന് നീതി ലഭിക്കണമെന്നും റിച്ചാർഡ് ഇവാൻസ് മാധ്യമങ്ങളോട് പറഞ്ഞു. മൾട്ടിസ്റ്റേറ്റ് ലോട്ടറി അസോസിയേഷനെയും ഗെയിം കോൺട്രാക്ടർ ടാവോട്ടി എന്റർപ്രൈസസിനെയും പ്രതി ചേർത്തുള്ള കേസിൽ ഫെബ്രുവരി 23ന് വാദം കേൾക്കുമെന്നാണ് റിപോർട്ടുകൾ.