കൊല്ലം-ഒരു സിനിമയെക്കുറിച്ചുള്ള വിവാദങ്ങളാണ് ജീവിതം മാറ്റി മറിച്ചതെന്ന് നടി ഹിമ ശങ്കര്‍. ഇതാണെങ്കിലോ ഒരിക്കലും നടക്കാത്ത സിനിമയും. അത് ജീവിതത്തില്‍ നേരിട്ട ആദ്യ വിവാദവുമായിരുന്നു. രൂപേഷ് പോള്‍ സംവിധാനം ചെയ്യാനിരുന്ന ആ ചിത്രം ഒരു എ പടം ആണെന്ന് വിചാരിച്ച് ഞാന്‍ എ പടത്തില്‍ അഭിനയിക്കുന്നു എന്ന രീതിയില്‍ ഒരുപാട് പേര്‍ എന്നോട് സംസാരിച്ചിരുന്നുവെന്നും ഹിമശങ്കര്‍ പറയുന്നു. ഫെസ്റ്റിവല്‍ മൂവിയായിരുന്നു അത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു നടന്നത്. പലരും പല അര്‍ത്ഥത്തിലുമായിരുന്നു ചോദിച്ചത്. തലക്ക് ഒരു പെരുപ്പ് വരുന്നത് പോലുള്ള അവസ്ഥയായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പാണ് ഈ വിവാദങ്ങള്‍. ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ ആരോ എടുത്ത് ഇന്റര്‍നെറ്റില്‍ ഇട്ടതോടെയാണ് ഞാന്‍ വിവാദ നായികയായി മാറുന്നതെന്നും മൈല്‍ സ്റ്റോണ്‍ മേക്കഴേസ്‌ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഹിമ പറഞ്ഞു. സിനിമയുടെ പ്രമോഷന് വേണ്ടിയിട്ട് ആരും ആ ചിത്രങ്ങള്‍ വൈറലാക്കിയതല്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് ഒരു ദിവസം ആ ചിത്രങ്ങള്‍ പുറത്തേക്ക് വരികയാണുണ്ടായത്. രൂപേഷ് പോളിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അതേക്കുറിച്ച് അറിയില്ലായിരുന്നു. അതൊരു മോശം ഫോട്ടോ ഷൂട്ടുമായിരുന്നില്ല. നല്ല സ്റ്റോറിയിമായിരുന്നു സിനിമയുടേത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരുപാട് കേട്ടപ്പോഴാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അതോടെ ഞാന്‍ വിവാദ നായികയായി മാറുകയും ചെയ്തു. അത് വലിയ വാര്‍ത്തയൊക്കെയായി മാറി. എനിക്ക് ആക്ടിവിസ്റ്റെന്ന ലേബല്‍ കിട്ടുന്നതും അങ്ങനെയാണ്. അത് എഴുതുമ്പോള്‍ ഇത്ര വലിയ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതിയില്ല. പിന്നീടാണ് പണി പാളിയെന്ന് മനസ്സിലായതെന്നും ഹിമ പറയുന്നു. പറഞ്ഞ കാര്യം ഒരിക്കലും തിരുത്തണമെന്ന് തോന്നിയിട്ടില്ല. ആളുകള്‍ ആ സമയത്ത് വലിയ സദാചാര വാദികളായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ മറുപടികളും വളരെ മോശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ കുറെ മാറിയെന്നാണ് കരുതുന്നത്. വളരെ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമായിരുന്നു. കല്യാണം പോലും കഴിക്കാത്ത ഞാന്‍ കല്യാണം കഴിച്ച് ഡിവോഴ്‌സ്ഡ് ആണെന്നും ഒരു കുട്ടിയുണ്ടെന്നുമൊക്കെ ആരോ എന്നെക്കുറിച്ച് പറഞ്ഞ് നടന്നു. പലരും എന്നോട് ഇതേക്കുറിച്ച് ചോദിച്ചു. പെട്ടെന്ന് കേട്ടപ്പോള്‍ ഷോക്ക് ആയെങ്കിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നെക്കുറിച്ച് മിനിമം കാര്യമെങ്കിലും അറിഞ്ഞിട്ട് സംസാരിക്കണമെന്ന് പറഞ്ഞു.