(ഖർസ്വാൻ) റാഞ്ചി - സ്വന്തം വീട്ടിൽ പോകണമെന്ന ഭാര്യയുടെ ആഗ്രഹം സാധിക്കാത്തതിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കം മൂന്ന് കുട്ടികളുടെ ദാരുണാന്ത്യത്തിൽ കലാശിച്ചു. ഭർത്താവിനോടുള്ള ദേഷ്യത്തിൽ മൂന്ന് കുട്ടികളെയുമെടുത്ത് യുവതി കിണറ്റിൽ ചാടുകയായിരുന്നു.
ജാർഖണ്ഡിലെ സെറൈകെല ഖർസ്വാൻ ജില്ലയിലാണ് സംഭവം. പൂജ മഹാതോ എന്ന യുവതിയാണ് ഭർത്താവ് ജോലിക്കുപോയ സമയത്ത് കടുംകൈ ചെയ്തത്. ഓടിക്കൂടിയ നാട്ടുകാർ കിണറ്റിലിറങ്ങി യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികളെ മൂന്ന് പേരെയും രക്ഷിക്കാനായില്ല.
തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും തുടർന്നാണ് യുവതി വീട്ടിലെ കിണറ്റിൽ ചാടിയതെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ ദിലിപ് ഖൽകോ പ്രതികരിച്ചു. കോമൾ കുമാരി (9), അനന്യ മഹാതോ (5), ആര്യൻ മഹാതോ എന്നി മൂന്ന് മക്കളാണ് മരിച്ചത്. യുവതിയിപ്പോൾ ഖർസ്വാനിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.