ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും ജീത്തു ജോസഫും ഒരുമിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസുമായി ജീത്തു ജോസഫ് കൈകോര്‍ക്കുന്നതും ആദ്യമാണ്.
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യര്‍. ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ പ്രിയദര്‍ശിനി രാംദാസ് കൂടുതല്‍ ശക്തയാണ്. തമിഴില്‍ രജനികാന്തിന്റെ വേട്ടയ്യന്‍, വിജയ് സേതുപതി, സുരി ചിത്രം വിടുതലൈ 2 ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരോടൊപ്പം മിസ്റ്റര്‍ എക്‌സ് എന്നിവയാണ് മഞ്ജുവിന്റെ അന്യഭാഷാ ചിത്രങ്ങള്‍. ചിത്രസംയോജകന്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് ചിത്രീകരണം പൂര്‍ത്തിയായ മഞ്ജുവാര്യര്‍ ചിത്രം.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയില്‍ മലയാളത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ഫൂട്ടേജ്. ഒ.ടി.ടി റിലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വിശാഖ് നായര്‍, ഗായത്രി അശോക്, നഞ്ചിയമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സുഷിന്‍ ശ്യാം ആണ് സംഗീതവും പശ്ചാത്തല സംഗീതവും.