ന്യൂദല്‍ഹി- സന്ദേശ്ഖാലി അക്രമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് സുകാന്ത മജുംദാര്‍ നല്‍കിയ പരാതിയില്‍ ലോക്‌സഭയുടെ പ്രിവിലേജസ് കമ്മിറ്റി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ഭഗവതി പ്രസാദ് ഗോപാലികക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ സമന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് അയക്കുകയും പ്രിവിലേജസ് കമ്മിറ്റിക്ക് മുമ്പാകെയുള്ള തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യുകയും ചെയതത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും അനുയായികളും തങ്ങള്‍ക്കെതിരെ അതിക്രമം നടത്തുന്നുവെന്നാരോപിച്ച് പ്രദേശത്തെ കുറിച്ച് സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധ സ്ഥലത്തേക്ക് ബി.ജെ.പി പ്രസിഡന്റ് സുകാന്ത മജുംദാറിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സുകാന്ത മജുംദാര്‍ ലോക്‌സഭ പ്രിവിലേജസ് കമ്മിറ്റിയില്‍ പരാതി നല്‍കിയത്.
സന്ദേശ്ഖാലി ഗ്രാമത്തില്‍ നടന്ന അക്രമത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അല്ലെങ്കില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സംഭവങ്ങളെ മണിപ്പൂരുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുമ്പാകെ വിഷയം ഉണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രാദേശിക ഹൈക്കോടതിയാണ് നല്ലതെന്നും കോടതി പറഞ്ഞു.