ന്യൂദൽഹി- ലോക പാസ്പോർട്ടുകളുടെ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് 84-ൽനിന്ന് 85-ലെത്തി.
2024 ലെ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് ഫ്രാൻസ് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നിരിക്കെ, ഈ വർഷം അത് 62 ആയി വർധിച്ചിരുന്നു. എന്നിട്ടും ഇന്ത്യയുടെ റാങ്കിംഗ് ഇടിഞ്ഞു. ഫ്രാൻസിന്റെ പാസ്പോർട്ട് കൈവശമുള്ളവർക്ക് 194 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അനുവാദമുണ്ട്. ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവയും ഫ്രാൻസിനൊപ്പം ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങളാണ്. കഴിഞ്ഞ വർഷത്തെപ്പോലെ പാകിസ്ഥാൻ 106ാം സ്ഥാനം നിലനിർത്തിയപ്പോൾ ബംഗ്ലാദേശ് 101ൽ നിന്ന് 102ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ അയൽരാജ്യമായ മാലിദ്വീപ് 58ാം സ്ഥാനം നിലനിർത്തി. മാലിദ്വീപ് പാസ്പോർട്ട് ഉടമകൾക്ക് 96 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ചെയ്യാം.