ന്യൂദൽഹി- ഇന്ത്യയിൽ ഇന്ധനവില കുതിച്ചു കയറുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വർധിച്ചതിനും രൂപയുടെ മൂല്യം ഇടിഞ്ഞതിനും പിന്നാലെയാണ് പെട്രോൾ, ഡീസൽ വല ക്രമാതീതമായി വർധിച്ചതെന്നാണ് സർക്കാർ വിശദീകരണം. ഡൽഹിയിൽ ഇന്നലെ പെട്രോൾ ലിറ്ററിന് 79.15ഉം ഡീസലിന് 71.15 ആയിരുന്നു വില. മേയ് 28ന് പെട്രോൾ വില 78.43 ആയി വർധിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മുംബയിൽ തിങ്കഴാഴ്ച ഒരു ലിറ്റർ പെട്രോളിന് 86.56 രൂപയായിരുന്നു വില. ഡീസലിന് ലിറ്ററിന് 75.54 രൂപയാണ് മുംബയിലെ ഇന്നലത്തെ വില. ഡൽഹിയിൽ പെട്രോളിന് ഇന്നലെ 31 പൈസയും ഡീസലിന് 39 പൈസയുമാണ് ലിറ്ററിന് വർധിച്ചത്.
നാലു വർഷം മുൻപും ക്രൂഡ് ഓയിലിന് ബാരലിന് ഇപ്പോഴുള്ളതിനോട് സാമ്യമായ വിലയായിരുന്നു ഉണ്ടായിരുന്നത്. ക്രൂഡ് ഓയിൽ ബാരലിന് 5,388 രൂപയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും ഈ വിലയിൽ വലിയ മാറ്റം ഉണ്ടാകാതിരുന്നിട്ടും പെട്രോളിന് ഇപ്പോൾ അന്നുണ്ടായിരുന്നതിലും പത്തു രൂപയോളമാണ് കൂടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവർധനവിന് കാരണമെന്ന് പല്ലവിയാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെയും ആവർത്തിച്ചത്.
2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ ഒമ്പതു പ്രാവശ്യം കേന്ദ്ര എക്‌സൈസ് തീരുവ കൂട്ടി. പെട്രോളിനു 12 രൂപയും ഡീസലിന് 13.77 രൂപയും ഈ സമയത്ത് തീരുവയിനത്തിൽ ഉയർത്തിയിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം തീരുവ കുറച്ചു. പക്ഷേ, റോഡ്-അടിസ്ഥാന സൗകര്യ വികസന സെസ് എന്ന പേരിൽ അത്ര തന്നെ തുക ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
രാജ്യത്ത് ഇന്ധന വില വർധിക്കുന്നതിനു പ്രധാന കാരണം അമേരിക്കയുടെ ഒറ്റ തിരിഞ്ഞ നയങ്ങളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രൂപയുടെ മുല്യം ഇടിയുന്നതിനു പിന്നിൽ അമേരിക്കയുടെ നയങ്ങളാണെന്നും ഇന്ധന വില കുതിച്ചുയരുന്നതിനു ഇത് കാരണമാകുന്നു എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഡീസലിനു വില കൂടി വരുന്ന സാഹചര്യത്തിൽ ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് റെയിൽവേ ഗെയിൽ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറിൽ ഒപ്പിടുകയും ചെയ്തു.
രാജ്യത്ത് ഇന്ധന വില വർധിക്കുന്നതിനു പ്രധാന കാരണം അമേരിക്കയുടെ ഒറ്റ തിരിഞ്ഞ നയങ്ങളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നതിനു പിന്നിൽ അമേരിക്കയുടെ നയങ്ങളാണെന്നും ഇന്ധന വില കുതിച്ചുയരുന്നതിനു ഇത് കാരണമാകുന്നു എന്നും അദ്ദേഹം പറഞ്ഞു
2013 ൽ ആയിരുന്നു അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും അധികം ഉയർന്നത്. അന്ന് ബാരലിന് 111.8 ഡോളർ (7,384 രൂപ) ആയിരുന്നു. ഇന്ത്യയിൽ അന്ന് പെട്രോൾ വില ലിറ്ററിന് 77.52 രൂപയും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ധനവിലയിൽ കാര്യമായ മാറ്റും ഉണ്ടാകും എന്നായിരുന്നു വാഗ്ദാനങ്ങൾ. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ പ്രധാനം ഇന്ധന വില കുറയ്ക്കും എന്നതായിരുന്നു. എന്നാൽ, 2014ന് ശേഷം എണ്ണ വിലയിൽ വൻ വർദ്ധനയാണ് രാജ്യം നേരിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിൽ വില കുത്തനെ കൂടുകയായിരുന്നു.
ഇന്ധന വില വരും ദിവസങ്ങളിൽ കൂടുകയേ ഉള്ളൂ എന്നാണ് വിഗദ്ധരുടെ വിലയിരുത്തൽ. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരത്തും ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ ആണുള്ളത്. എണ്ണ വാങ്ങാൻ ഉപയോഗിക്കേണ്ടത് ഡോളർ ആണ്. അതുകൊണ്ട് കൂടുതൽ പണം ഇതിനായി ചെലവഴിക്കേണ്ടി വരും. അപ്പോൾ ഇന്ത്യയിലെ എണ്ണവിപണിയിൽ അത് പ്രതിഫലിക്കുകയും ചെയ്യും.