ന്യൂഡൽഹി - മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന സുപ്രധാന കേസ് സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെ, ചണ്ഡീഗഡിലെ ബി.ജെ.പി നേതാവായ മനോജ് സോങ്കർ മേയർ സ്ഥാനം രാജിവെച്ചതിനു തൊട്ടുപിറകെ പുതിയ അട്ടിമറി നീക്കവുമായി ബി.ജെ.പി രംഗത്ത്.
പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഡ് മേയറായി തെരഞ്ഞെടുക്കപ്പട്ടത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സുപ്രിംകോടതി രൂക്ഷ വിമർശമുന്നയിച്ചിരുന്നു. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സോങ്കറിന്റെ മേയർ സ്ഥാനത്തുനിന്നുള്ള രാജി.
മേയർ രാജിവെച്ചെങ്കിലും ഭരണം നിലനിർത്താനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതിനായി ആം ആദ്മി പാർട്ടിയുടെ മൂന്ന് കൗൺസിലർമാരെ ബി.ജെ.പിയിൽ എത്തിച്ചതായി നേതാക്കൾ പ്രതികരിച്ചു. ഇതോടെ 37 അംഗ കോർപ്പറേഷനിൽ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തിയാൽ വിജയിക്കാനാവശ്യമായ 19 സീറ്റുകൾ തങ്ങൾ ഉറപ്പാക്കിയെന്നാണ് അട്ടിമറി നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ബി.ജെ.പി നേതാക്കൾ പറയുന്നത്.
ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി വിനോദ് താവ്‌ഡെ മൂന്നു കൗൺസിലർമാരെയും പാർട്ടിയിലേക്ക് സ്വാഗതംചെയ്ത് ഓഫീസിൽ വച്ച് അംഗത്വ വിതരണം നടത്തി. മോഡിയുടെ ജനക്ഷേമ നയങ്ങളാണ് മൂന്നു പേരുടെയും കൂറുമാറ്റത്തിന് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനുവരി 30ന് നടന്ന ചണ്ഢിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കോൺഗ്രസ് - എ.എ.പി സഖ്യം തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് രംഗത്തുവരികയായിരുന്നു. ഈ നീക്കത്തിന് അനുകൂല നടപടി സുപ്രിംകോടതിയിൽനിന്ന് ഉണ്ടായാൽ തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെയാണ് മൂന്ന് ആം ആദ്മി പാർട്ടി കൗൺസിലർമാരെ കളംമാറ്റി കൂടെ നിർത്താൻ ബി.ജെ.പി തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്.
നേരത്തെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ എ.എ.പി-കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ്ങിനെ 12നെതിരേ 16 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ബി.ജെ.പിയിലെ മനോജ് സോങ്കർ തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിക്കു വേണ്ടി അന്ന് എട്ടു വോട്ടുകൾ അസാധുവാക്കിയ പ്രിസൈഡിംഗ് ഓഫീസറുടെ നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. നിലവിൽ 15 അംഗങ്ങൾ സഭയിലുള്ള ബി.ജെ.പിക്ക് ആം ആദ്മിയുടെ മൂന്നുപേരെ കൂടി പാർട്ടിയിലേക്ക് അടുപ്പിക്കാനായതോടെ അംഗസഖ്യ 18 ആയിരിക്കുകയാണ്. കോൺഗ്രസ്-എ.എ.പി സഖ്യത്തിന്റെ അംഗസഖ്യ 20-ൽനിന്ന് 17ൽ എത്തിച്ചതിന് പുറമെ, ശിരോണി അകാലിദൾ കൗൺസിലർ അടക്കമുള്ളവരെ സ്വാധീനിക്കാനും ഗൂഢനീക്കങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്.