Sorry, you need to enable JavaScript to visit this website.

സിനിമയില്‍ അരനൂറ്റാണ്ട് തികച്ച മല്ലിക സുകുമാരനെ ആദരിക്കുന്നു

തിരുവനന്തപുരം - സിനിമയില്‍ അരനൂറ്റാണ്ട് തികച്ച മല്ലികാ സുകുമാരനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. 1974ല്‍ ഉത്തരായനം എന്ന അരവിന്ദന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മല്ലിക പ്രായത്തിനൊത്ത വേഷങ്ങള്‍ തിരഞ്ഞെടുത്ത് പ്രേക്ഷകപ്രീതി നേടിയാണ് 2024 ലും കളംനിറഞ്ഞ് നില്‍ക്കുന്നത്. ഈ ജൈത്രയാത്ര ആഘോഷിക്കാനാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇന്ന് ഒത്തുചേരുന്നത്. മല്ലികാ വസന്തം @ 50 എന്ന പേരില്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ വൈകിട്ട് മൂന്നരക്കാണ് പരിപാടി.

നടി എന്നതിനൊപ്പം മലയാള സിനിമയുടെ ഭാഗധേയമായി മാറിയ രണ്ട് നടന്മാരുടെ അമ്മ എന്ന നിലയിലും കൂടി മല്ലിക ആദരിക്കപ്പെടുന്നുണ്ട്. സിനിമയില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ തുടര്‍ന്ന്, സൂപ്പര്‍ മെഗാ താരങ്ങള്‍ പോലും എതിര്‍പക്ഷത്തായിട്ടും, 2000 ന്റെ ആദ്യപകുതിയില്‍ സിനിമയിലെത്തിയ പ്രൃഥ്വിരാജിനെ ചങ്കൂറ്റത്തോടെ നയിച്ച് ഇന്നത്തെ താരപദവിയിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് ഈ അമ്മക്ക് അവകാശപ്പെട്ടതാണ്.

'ഫ്രണ്ട്‌സ് ആന്‍ഡ് ഫോസ്' എന്ന വാട്‌സാപ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി പി. രാജീവ് ഉദ്ഘാടനം, ജി.ആര്‍.അനില്‍ അധ്യക്ഷന്‍. മല്ലിക സുകുമാരനെ സുരേഷ് ഗോപി പൊന്നാട അണിയിക്കും. സംവിധായകന്‍ ഷാജി എന്‍.കരുണ്‍ ഉപഹാരം നല്‍കും. മുഖ്യാതിഥി പന്ന്യന്‍ രവീന്ദ്രന്‍. ഡോ എം.വി.പിള്ള, ബിജു പ്രഭാകര്‍, ഇന്ദ്രന്‍സ്, മണിയന്‍ പിള്ള രാജു, എം.ജയചന്ദ്രന്‍, ജി.സുരേഷ് കുമാര്‍, മേനക, ഷാജി കൈലാസ്, ആനി, മജീഷ്യന്‍ സാമ്രാജ്, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ പങ്കെടുക്കും.

 

Latest News