കൊല്‍ക്കത്ത - ബംഗാളി സിനിമയിലെ പഴയകാലത്തെ ജനപ്രിയ നടി അഞ്ജന ഭൗമിക് കൊല്‍ക്കത്തയില്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതയായിരുന്ന അഞ്ജന രാവിലെ 10.30 ഓടെയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഫെബ്രുവരി 16നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. നിലഞ്ജന സെന്‍ഗുപ്ത, ചന്ദന ഭൗമിക് എന്നീ പെണ്‍മക്കളാണുള്ളത്.
60-80 കാലഘട്ടത്തിലെ ജനപ്രിയ അഭിനേതാവായ അഞ്ജന 'കഖോനോ മേഘ്' (സൂര്യനു ശേഷമുള്ള മേഘം), 'താനാ തെക്കേ അസ്ചി' (പോലീസ് സ്‌റ്റേഷനില്‍ നിന്ന് വരുന്നു), 'നായിക സംഗ്ബാദ്' (ഒരു നായികയുടെ കഥ' തുടങ്ങിയ ക്ലാസിക്കുകളില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'ചൗരംഗീ', 'പ്രഥം ബസന്ത' (ഒന്നാം വസന്തം) തുടങ്ങിയവയും പ്രശസ്ത സിനിമകളാണ്.
കൂച്ച് ബെഹാറില്‍ ജനിച്ച അവര്‍ ബിരുദപഠനത്തിനിടെ കൊല്‍ക്കത്തയിലേക്ക് മാറി. 20ാം വയസ്സില്‍ സിനിമാലോകത്തേക്ക് ചുവടുവെച്ച അഞ്ജന 1964ല്‍ 'അനുസ്തുപ് ഛന്ദ' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും യഥാര്‍ഥ പേരായ ആരതിയില്‍ നിന്ന് അഞ്ജന എന്ന പേരിലേക്ക് മാറുകയും ചെയ്തു. 'താനാ തെക്കേ ആച്ചി' എന്ന ചിത്രത്തിലൂടെ ബംഗാളി ചലച്ചിത്ര വ്യവസായത്തിലെ വമ്പന്‍ താരങ്ങളുടെ പട്ടികയിലേക്ക് അവര്‍ എത്തി.