- മകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന ആൺകുട്ടികൾക്കെതിരേയുള്ള മൂന്ന് എഫ്.ഐ.ആർ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി
ലഖ്‌നൗ - പ്രായപൂർത്തിയാകാത്ത രണ്ട് വ്യക്തികൾ തമ്മിലുള്ള യഥാർത്ഥ സ്‌നേഹത്തെ നിയമം മൂലമോ ഭരണകൂട നടപടികളിലൂടെയോ നിയന്ത്രിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്തവർ വിവാഹിതരാകുമ്പോൾ ആൺകുട്ടിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുന്ന മാതാപിതാക്കളുടെ നടപടി അവരുടെ ദാമ്പത്യബന്ധത്തെ വിഷലിപ്തമാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് രാഹുൽ ചതുർ വേദിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
മകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന കേസ് പരിഗണിക്കവെ, ആൺകുട്ടികൾക്കെതിരേയുള്ള ഇത്തരത്തിലുള്ള മൂന്ന് എഫ്.ഐ.ആർ റദ്ദാക്കിയാണ് ജസ്റ്റിസ് ചതുർവേദി ഈ നിരീക്ഷണങ്ങൾ നടത്തിയത്.
നിയമത്തോടുള്ള ബഹുമാനം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ വിവാഹം കഴിക്കുകയും സമാധാനപരമായ ജീവിതം നയിക്കുകയും കുടുംബം നന്നായി കൊണ്ടുപോവുകയും ചെയ്യുന്ന കൗമാരക്കാരായ ദമ്പതികൾക്കെതിരെ ഭരണകൂടവും പോലീസും സ്വീകരിക്കുന്ന നടപടിയെ പലപ്പോഴും ന്യായീകരിക്കാനാവാതെ വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം പ്രണയത്തിലായിരുന്നുവെന്നും അതേത്തുടർന്ന് പെൺകുട്ടികൾ സ്വമേധയാ വീടുവിട്ടിറങ്ങി പോവുകയാണെന്നും കോടതി പറഞ്ഞു.
ഇങ്ങനെ ഇറങ്ങിപുറപ്പെട്ടവർ വിവാഹ പ്രായം ആകുന്നതോടെ നിയമപരമായി വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആൺകുട്ടികൾ ക്രിമിനൽ നടപടിക്രമണങ്ങൾ നേരിടേണ്ടി വരുന്നത് ദമ്പതികളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നുമല്ല. പലപ്പോഴും ഇവർക്ക് ഒന്നോ രണ്ടോ കുട്ടികളും ഉണ്ടാവാം. അത്തരം സാഹചര്യത്തിൽ കുട്ടികളോട് കൂടിയുള്ള അനീതിയാണെന്നും കോടതി വിലയിരുത്തി.
എന്നാൽ, കോടതി വിധി പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പല ബന്ധങ്ങളും ചൂഷണം ചെയ്യുന്നവർക്ക് കൂടുതൽ പ്രോത്സാഹനമാകുമെന്നും വിവാഹബന്ധത്തിനുള്ള രാജ്യത്തെ നിയമത്തിന് കൂടുതൽ പരുക്കുകളുണ്ടാക്കുമെന്നും സമൂഹമാധ്യമങ്ങളിൽ വിമർശങ്ങളുണ്ട്.