തിരുവനന്തപുരം- ഭ്രമയുഗത്തെ പ്രശംസിച്ചുകൊണ്ടുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് കമന്റിട്ട സംവിധായകന്‍ പ്രിയനന്ദനന് സിനിമാപ്രേമികളുടെ പൊങ്കാല. വിമര്‍ശത്തെ തുടര്‍ന്ന് പ്രിയനന്ദന്‍ കമന്റ് ഡിലീറ്റ് ചെയ്തു.
ഓസ്‌കറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ലെന്നും ഭ്രമയുഗത്തില്‍ അദ്ദേഹം ഭ്രമിപ്പിച്ചുവെന്നുമാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ച.
എന്നാല്‍ സ്വാമിയാണെന്ന് വെച്ച് വിവരക്കേട് പറയരുത് എന്നായിരുന്നു പ്രിയനന്ദനന്റെ മറുപടി. സ്വാമിമാര്‍ക്ക് ഓപണ്‍ മാര്‍ക്കറ്റാണ്, എന്തു വിവരക്കേടും പറയാം എന്നാണ് പ്രിയന്‍ എഴുതിയത്.
ഭ്രമയുഗത്തിനെതിരെ ചില പ്രത്യേക വിഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നതിനിടെ ഇടതുപക്ഷ സഹയാത്രികന്‍ എന്ന് അറിയപ്പെടുന്ന പ്രിയനന്ദനന്റെ കമന്റ് ആരാധകരെ ഞെട്ടിച്ചു. തുടര്‍ന്ന് സ്വാമി പറഞ്ഞ വിവരക്കേട് എന്താണെന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്തുവന്നതോടെ അദ്ദേഹം കമന്റ് ഡീലീറ്റ് ചെയ്തു.
പ്രിയനനന്ദന്റെ കമന്റ് കണ്ടവരുണ്ടോ എന്ന ചോദ്യവുമായി സുനിത ദേവദാസ് അടക്കം പലരും സ്വാമിയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഭാരതീയ ധര്‍മ്മ ശാസ്ത്രങ്ങളില്‍ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു!
ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം, മൂന്നാമത്തേത് ദ്വാപരയുഗം, നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുര്‍യുഗങ്ങള്‍.
പുരാണങ്ങളില്‍ ധര്‍മത്തിന്റേയും അധര്‍മത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു.
അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവ്വനം,വാര്‍ദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേര്‍ത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.
ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്, ഈയാം പാറ്റ അഗ്‌നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തില്‍ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ.
ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി, പച്ച മഞ്ഞ ചുവപ്പ്, അന്ധര്‍ ബധിരര്‍ മൂകര്‍,മാമ ആഫ്രിക്ക,എന്നീ ക്ലാസിക്കുകള്‍ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി. രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!
മഹത്തായ ആശയങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളില്‍!
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല.
അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ്,അമല്‍ഡ ലിസ്, എല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു.
സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു.
ഒപ്പം അണിയറയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നമോവാകം!