Sorry, you need to enable JavaScript to visit this website.

'വിമർശങ്ങൾ നന്മ കൊണ്ട് പ്രതിരോധിക്കുക'; എല്ലാ മതവിഭാഗങ്ങളെയും ഒന്നായി കാണണമെന്നും ശൈഖ് സൽമാൻ ഹുസൈനി നദ്‌വി

- ഖുർആൻ മുന്നോട്ടുവയ്ക്കുന്നത് വിശ്വമാനവികത
കരിപ്പൂർ - വിമർശങ്ങളെ നന്മകൾ കൊണ്ട് പ്രതിരോധിക്കാനും ആക്ഷേപങ്ങളെ അവഗണിക്കാനും വിശ്വാസികൾക്ക് സാധിക്കണമെന്ന് ആഗോള പണ്ഡിത സഭാംഗവും യു.പിയിലെ മുസ്‌ലിം സമൂഹത്തിൽ ഏറെ സ്വാധീനവുമുള്ള ശൈഖ് സൽമാൻ ഹുസൈനി നദ്‌വി പറഞ്ഞു. വിശ്വമാനവികതയ്ക്കു വേദവെളിച്ചം എന്ന സന്ദേശത്തിൽ കരിപ്പൂരിലെ വിശാലമായ പന്തലിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേനത്തിൽ ഖുർആൻ-ഹദീസ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഒരുപക്ഷേ, സത്യവിരുദ്ധമായ വാർത്തകൾ വന്നാൽ ആ വാർത്തകളെ സത്യാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം നിങ്ങൾ പ്രതികരിക്കേണ്ടത്. ഇസ്‌ലാം കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മതമാണ്. ഇസ്‌ലാം ലോകത്ത് വരുത്തിയ വിപ്ലവം, സാംസ്‌കാരിക മുന്നേറ്റം, സാമൂഹിക ബോധം, മനുഷ്യസ്‌നേഹം, ലോകക്രമത്തിന്റെ അധാർമികതയെ മാറ്റിയെടുത്തത് എല്ലാം വിശുദ്ധ ഖുർആനിലൂടെയാണ്. അല്ലാഹു വിശുദ്ധ ഖുർആൻ ലോകത്തിന് നൽകിയത് മനുഷ്യത്വം പഠിപ്പിക്കുവാനും മാനവികത പഠിപ്പിക്കുവാനുമാണ്. 
 വിശ്വമാനവികതയെ ഖുർആൻ മുമ്പിൽ വയ്ക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി പുതിയൊരു സമൂഹത്തെ സൃഷ്ടിച്ചത് വിശുദ്ധ ഖുർആനിലൂടെയാണ്. അന്ധകാരങ്ങളിൽനിന്ന്, അനാചാരങ്ങളിൽനിന്ന്, തിന്മകളിൽനിന്ന്, ഈ സമൂഹത്തെ മോചിപ്പിച്ചെടുക്കാൻ വിശുദ്ധ ഖുർആനിന്റെ വിജ്ഞാനങ്ങൾ-ആയത്തുകൾ വളരെ പ്രചോദനമായിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 പ്രത്യേകിച്ച് മനുഷ്യത്വം എന്നതാണ് ഏറ്റവും പ്രധാനം. എല്ലാ മതങ്ങളെയും തിരിച്ചറിയാൻ, എല്ലാ മനുഷ്യരെയും ആദമിൽനിന്നും ഹവ്വയിൽനിന്നും സൃഷ്ടിച്ചതുപോലെ, ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നും സൃഷ്ടിച്ചതുപോലെ നമ്മളിലും ആ ഐക്യം ഉണ്ടാവേണ്ടതുണ്ട്. ഹിന്ദുവാകട്ടെ, മുസ്‌ലിമാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ബുദ്ധനാകട്ടെ, ജൈനനാകട്ടെ എല്ലാ മതവിഭാഗങ്ങളെയും ഒന്നായി കാണാൻ നമുക്ക് കഴിയണം. അതാണ് വിശുദ്ധ ഖുർആനിന്റെ സന്ദേശം. മർക്കസുദ്ദഅ്‌വ കേരള നടത്തുന്ന ഈ മഹത്തായ കെ.എൻ.എം സംസ്ഥാന സമ്മേളനത്തിനൊരു പ്രത്യേകതയുണ്ട്. ഇതെല്ലാവരെയും ഒന്നായി കാണുന്ന സമ്മേളനമാണ്. നിങ്ങളി സമ്മേളനത്തിന്റെ സന്ദേശം ലോകത്തിന് മുഴുവനും നൽകേണ്ടതുണ്ട്. പ്രബോധനമാണ് പ്രധാനം. ഇന്ന് കേരളത്തിൽ യഥാർത്ഥ പ്രബോധനം നിർവഹിക്കുന്നത് അത് മർക്കസുദ്ദഅ്‌വയാണ്. നിങ്ങൾ ഡൽഹിയിലും ലഖ്‌നൗവിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ, സംസ്ഥാനങ്ങളിൽ ഈ മഹത്തായ സന്ദേശവുമായി സമ്മേളനങ്ങൾ നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. മർക്കസുദ്ദഅ്‌വ ടീം നിങ്ങൾ സത്യസന്ധമായ മാർഗത്തിലൂടെ പ്രവർത്തിക്കുന്നത്‌കൊണ്ട് നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവും. ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾ ചെയ്യുന്ന ഈ വിപുലമായ സമ്മേളനത്തിന്റെ അനൽപ്പമായ ഈ സന്ദേശം ഞാൻ ഉൾക്കൊള്ളുന്നു. അത് പ്രാവർത്തികമാക്കാൻ നിങ്ങൾ വരിക. ഞങ്ങളും കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. ഐ.പി അബ്ദുസ്സലാം പ്രസംഗം പരിഭാഷപ്പെടുത്തി. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ അരുമ ശിഷ്യനാണ് ശൈഖ് സൽമാൻ ഹുസൈനി നദ്‌വിയെന്നും വിമർശങ്ങൾ ഉയർന്നതോടെ ഇദ്ദേഹത്തെ സമ്മേളനത്തിൽനിന്ന് മാറ്റിയെന്നും ചിലർ തെറ്റായ പ്രചാരണം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം വീക്ഷിക്കാൻ പതിനായിരക്കണക്കിന് പേരാണ് സമ്മേളന പന്തലിൽ തടിച്ചുകൂടിയത്. പഠനക്യാമ്പ് തുടരുകയാണിപ്പോൾ. ഇന്ന് പുലർച്ചെ മുതലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് സമ്മേളന നഗരിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഉച്ചയ്ക്കുശേഷം വനിതാ സമ്മേളനം കൂടിയുള്ളതിനാൽ കുടുംബിനികളുടെ വൻ പ്രവാഹമാണ് വെളിച്ചം നഗരി സാക്ഷ്യം വഹിക്കുന്നത്.
 ഖുർആൻ-ഹദീസ് പഠനക്യാമ്പിൽ എ അബ്ദുൽഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഖുർആനിന്റെ മൗലികത എന്ന വിഷയത്തിൽ ഡോ. കെ ജമാലുദ്ദീൻ ഫാറൂഖിയും ഖുർആൻ ഭാഷാവിഷ്‌കാരങ്ങളുടെ സൗന്ദര്യം എന്ന വിഷയത്തിൽ കുഞ്ഞുമുഹമ്മദ് പുലവത്തും ഖുർആനും ചിന്താസ്വാതന്ത്ര്യവും എന്ന വിഷയത്തിൽ ഡോ. ജാബിർ അമാനിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹാഫിദ് ശിഹാബുദ്ദീൻ അൻസാരിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സെഷനിൽ ഡോ. ഐ.പി അബ്ദുസ്സലാം, കെ.എം കുഞ്ഞമ്മദ് മദനി, പി.ടി റിയാസ് സുല്ലമി തുടങ്ങിയവർ പ്രസംഗിച്ചു.
 

Latest News