കോഴിക്കോട് - രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തി കമന്റിട്ടതിന് പ്രതിചേർക്കപ്പെട്ട കോഴിക്കോട് ചാത്തമംഗലത്തെ എൻ.ഐ.ടി കോളജിലെ പ്രഫസർ ഷൈജ ആണ്ടവൻ പോലീസിന്റെ തുടർ ചോദ്യം ചെയ്യലിന് ഹാജരായി. കുന്ദമംഗലം പോലീസ് സ്റ്റേഷനിലാണ് ഇവർ ഹാജരായത്. മൊബൈൽ ഫോണും ഇവർ പോലീസിന് മുമ്പിൽ ഹാജരാക്കി.
ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30-നാണ് ഷൈജ ആണ്ടവൻ 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ' എന്ന് കമന്റിട്ടത്. തുടർന്ന് വിവിധ സംഘടനകളുടെ പരാതിക്കു പിന്നാലെ കുന്ദമംഗലം പോലീസ് ഇവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. കുന്ദമംഗലം സി.ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീട്ടിലെത്തി മൊഴിയെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിനും മൊബൈൽ ഫോൺ അടക്കം പരിശോധിക്കുന്നതിനും ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ച് ഹാജറാകാൻ സാധിക്കില്ലെന്നു പറഞ്ഞ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന്, മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം രേഖാമൂലം അവധിക്ക് അപേക്ഷ നൽകാൻ പോലീസ് നിർദേശിച്ചതിന് പിന്നാലെയാണ് ഇന്ന് സ്റ്റേഷനിലെത്തിയത്.