ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരുമായി ഞായറാഴ്ച ചര്‍ച്ച നടത്തുന്നതിനാല്‍ 'ദല്‍ഹി ചലോ' മാര്‍ച്ച് തത്കാലത്തേക്ക് നിര്‍ത്തി കര്‍ഷകര്‍. ഞായറാഴ്ചവരെ സമാധാനപരമായി പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ തുടരാനാണ് തീരുമാനം. 18-ന് വൈകിട്ടുനടക്കുന്ന നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.
പ്രശ്‌നപരിഹാരം കണ്ടെത്തുമെന്ന് ചണ്ഡീഗഢില്‍ അഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം ശനിയാഴ്ച പുലര്‍ച്ചെ കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പ്രതികരിച്ചു. കഴിഞ്ഞ 10 വര്‍ഷം മോഡി സര്‍ക്കാര്‍ ചെയ്തതിനെക്കാള്‍ കൂടുതലൊന്നും ഇതിനുമുമ്പുള്ള ഒരുസര്‍ക്കാരും കര്‍ഷകര്‍ക്കുവേണ്ടി ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.
ശംഭു അതിര്‍ത്തിയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകന്‍ ശനിയാഴ്ച ഹൃദയാഘാതത്താല്‍ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയില്‍നിന്നുള്ള ഗ്യാന്‍ സിംഗാണ് (65) മരിച്ചത്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച പ്രവര്‍ത്തകനായിരുന്നു. ഉറക്കത്തിനിടെ ശാരീരികാസ്വസ്ഥതകളുണ്ടായപ്പോള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചൊവ്വാഴ്ച കര്‍ഷകര്‍ക്കുനേരേ കണ്ണീര്‍വാതകപ്രയോഗം നടത്തിയതുമുതല്‍ ഗ്യാന്‍ സിംഗിന് ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.