നടനും സംവിധായകനുമായ പൃഥ്വിരാജ് പുതിയ ഗെറ്റപ്പില്‍. എംപുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്ന പൃഥ്വിരാജ് ക്ലീന്‍ ഷേവ് ചെയ്ത് കൂടുതല്‍ ചെറുപ്പമായിരിക്കുകയാണ്. എംപുരാനില്‍ അബ്‌റാം ഖുറേഷിയുടെ വലംകൈയ്യായ സയീദ് മസൂദായി പൃഥ്വി മുഴുനീള വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കഥാപാത്രത്തിനുവേണ്ടി കൂടിയാണ് മേക്കോവര്‍. 2018 ല്‍ റിലീസ് ചെയ്ത ആദം ജൊവാന്‍ സിനിമയിലെ അതേലുക്ക് തന്നെയാണ് പൃഥ്വിയുടേതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അഭിനയവുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് അമേരിക്കന്‍ യാത്ര. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരലമ്പല നടയില്‍, ബോളിവുഡ് ചിത്രമായ സര്‍സമീന്‍ എന്നിവയിലെ തന്റെ ഭാഗങ്ങളെല്ലാം ഇതിനോടകം പൃഥ്വി പൂര്‍ത്തിയാക്കി കഴിഞ്ഞു.
മോഹന്‍ലാല്‍ അമേരിക്കയില്‍ എത്തിക്കഴിഞ്ഞു. സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ആണ് അമേരിക്കയില്‍ പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എംപുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന്‍ നിര്‍മിക്കുക. സുരേഷ് ബാലാജിയും ജോര്‍ജ് പയസ് തറയിലും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക. ടുജീവിതമാണ് പൃഥ്വിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.