മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സാന്ത്വന പരിചരണ കേന്ദ്രം
ജീവിത യാത്രക്കിടയിൽ വീണു പോകുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എല്ലാം ആസ്വദിച്ചു ജീവിക്കുന്നതിനിടയിൽ ഒരു ദിവസം ഒന്നുമല്ലാതെ ആയി പ്പോകുന്നു എന്ന് തോന്നിപ്പോകുന്ന ചിലരെ കുറിച്ച്?
അത്തരത്തിൽ വീണു പോയവരെ, കൈപിടിച്ചുയർത്തുന്ന ഒരു ആഗോള സാന്ത്വന പരിചരണ സംവിധാനം സേവന മേഖലയിൽ മുപ്പത് വർഷം പിന്നിടുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി തുടങ്ങിയ പാലിയേറ്റീവ് സംവിധാനമിപ്പോൾ കേരളത്തിലെ നഗര ഗ്രാമപ്രദേശങ്ങളിലും എത്തിച്ചേർന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ നിന്നുള്ള വിദഗ്ധർ ലോകരാജ്യങ്ങളിൽ പാലിയേറ്റീവ് സംവിധനത്തിന്റെ പ്രചാരകരാണിപ്പോൾ.
കാൻസർ രോഗികളുടെ വേദന ശമിപ്പിക്കുന്നതിനും പരിചരണത്തിനും മാത്രമുള്ള ഒരു സംവിധാനമായാണ് പലരും പാലിയേറ്റീവ് ചികിത്സയെ കാണുന്നത്. പറഞ്ഞ പഴകിയ ആശ്വാസ വാക്കുകൾ പറഞ്ഞാലോ കൈയിലുള്ള ചില്ലറ തുട്ടുകൾ കൈമാറിയാലോ തീരുന്ന ഒന്നാണ് പാലിയേറ്റീവ് ചികിത്സ എന്നും കരുതുന്നവർ ഉണ്ട്. എന്നാൽ ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിന് നൽകിയ നിർവചനം, 'ജീവനെ അപായപ്പെടുത്തുന്ന ഘട്ടത്തിലെത്തിയ രോഗികളെയും അവരുടെ കുടുംബത്തെയും സമ്പൂർണമായും ക്രിയാത്മകമായും പരിചരിക്കുന്ന ഒരു രീതി' എന്നാണ്. അഥവാ രോഗിക്കും അവരുടെ കുടുംബത്തിനും ആവശ്യമായ താങ്ങും തണലും മാനസിക പിന്തുണയും നൽകുക എന്നർത്ഥം.
കുടുംബത്തിൽ ഒരാൾ രോഗിയാകുന്നതോട് കൂടി രോഗിയും കുടുംബവും സാമൂഹികമായ ഒറ്റപ്പെടലിലേക്ക് തള്ളി വിടപ്പെടുന്നതോടൊപ്പം അസ്തിത്വവാദപരമായ വിഹ്വലതകളിലേക്കും എത്തിപ്പെടുന്നു. ഇത്തരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ പ്രശ്‌നങ്ങളെ മുൻഗണന ക്രമമനുസരിച്ച് സമാധാനം കണ്ടുപിടിക്കാൻ കഴിയുന്ന പരിചാരകരും വളണ്ടിയർമാരുമാണ് സാന്ത്വന ചികിത്സ രീതിയുടെ നട്ടെല്ല്.
ശാസ്ത്രീയവും കുറ്റമറ്റതുമായ പരിശീലനത്തിലൂടെ ക്രിയാത്മകവും വിവേകപൂർണവുമായ ഇടപെടലിന് സാധ്യമായ ഒരു കൂട്ടം വളണ്ടിയർമാരെ രൂപപ്പെടുത്തി എടുക്കാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കഴിഞ്ഞു എന്നതാണ് മുപ്പത് വർഷത്തെ തിരിഞ്ഞു നേട്ടത്തിൽ ഏറ്റവും മികവാർന്ന നേട്ടം. തുടർച്ചയായ ഹോംകെയർ സന്ദർശനത്തിലൂടെയും മറ്റും ഒരു മാറാരോഗിയെ മരണം വരെ സജീവമായി ജീവിക്കാൻ സഹായിക്കുന്ന ആശ്രയ സംവിധാനമായി വളണ്ടിയർമാരെ മാറ്റിയെടുക്കുന്നു. ഫെല്ലോഷിപ്പ് കോഴ്സുകൾ അടക്കം വിവിധ പരിശീലനങ്ങളും ഇവിടെ നടന്നു വരുന്നുണ്ട്.
മത, രാഷ്ട്രീയ സംഘടനകളെ കൂടാതെ വിവിധ പ്രാദേശിക കൂട്ടായ്മകളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ഏകദേശം 1700 പാലിയേറ്റീവ് കെയർ യൂനിറ്റുകളാണ് കേരളത്തിൽ സർക്കാരിതര മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. സ്വന്തം വീട്ടിലോ അയൽപക്കത്തോ കിടപ്പിലായിപ്പോകുന്ന രോഗികൾക്ക് അടിസ്ഥാന പരിചരണം നൽകാൻ സാധിക്കുന്ന പരമാവധി ആളുകളെ ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുമ്പോൾ തന്നെ, സമൂഹം അഭിമുഖീകരിക്കുന്ന മറ്റു വെല്ലുവിളികളെ കൂടി നേരിടാൻ സജ്ജമാവുകയുമാണ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ.
ജനനം പോലെ തന്നെ സ്വാഭാവികമായ മരണത്തെയും തിരിച്ചറിഞ്ഞ് ജീവിതം മനോഹരമാക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലുള്ള ഡെത്ത് കഫെ എന്ന സംരംഭമാണ് അതിൽ പ്രധാനം. മതപരമോ സാമൂഹികമോ ആയ വിശ്വാസങ്ങളുടെ ഒക്കെ ഭാഗമായി പിന്നോക്കം പോയ 'മരണ സാക്ഷരത'യിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ഡെത്ത് കഫെകൾ കൊണ്ട് ലക്ഷ്യം വെക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള ചിന്തകളും പ്രതീക്ഷകളും ആശങ്കകളും പങ്കുവെയ്ക്കാനുള്ള ഇടങ്ങളായി ഇവ പ്രവർത്തിക്കും.
പ്രിയപ്പെട്ടവരുടെ മരണത്തെത്തുടർന്ന് ഉടലെടുക്കുന്ന വിയോഗാനുഭവവും വ്യഥയും ശരിയായ രീതിയിൽ കേൾക്കാനും ഉൾക്കൊള്ളാനും പര്യാപ്തമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ 'ബെറീവ്‌മെന്റ് കമ്പാനിയൻഷിപ്' പ്രോഗ്രാമിന്റെ ഭാഗമായും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ പ്രവർത്തിക്കുന്നുണ്ട്. അയൽപക്ക ബന്ധങ്ങൾ ശോഷിച്ചു വരുന്ന നവയുഗത്തിൽ, മരണവ്യഥ അനുഭവിക്കുന്നവരുടെ സങ്കീർണമായ വികാരങ്ങളെയും വിയോഗ ദുഃഖത്തെയും ശാസ്ത്രീയമായി സമീപിക്കാൻ സമൂഹത്തെ പര്യാപ്തമാക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
രോഗവും ചികിത്സയും വേദനയും മരണവുമൊക്കെ കൈകാര്യം ചെയ്യുന്നതിനിടയിലും സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ സാധിക്കുന്നു എന്നത് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ പ്രത്യേകതയാണ്.
എല്ലാ വർഷവും ഫെബ്രുവരിയിൽ എല്ലാം മറന്നുള്ളൊരു ആഹ്ലാദോത്സവം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ നടന്നു വരുന്നുണ്ട്. കാർണിവലിന്റെ മുഴുവൻ രസക്കാഴ്ചകളും പകർന്നു നൽകുന്ന ഉത്സവത്തിന് 'ക്യൂരിയോസ്' എന്നാണ് പേര്. ശരീരവും മനസ്സും തളർന്നവർക്ക് ക്യൂരിയോസ് നഗരിയിലെത്തിയാൽ വല്ലാത്തൊരു ഉർജമാണ്. കലാപരിപടികൾ, ചർച്ചകൾ, സംഭാഷണങ്ങൾ, കഥ പറച്ചിലുകൾ, വിനോദങ്ങൾ, പ്രദർശനങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി ക്യൂരിയോസ് നഗരിയിൽ ഇല്ലാത്തതായി ഒന്നുമില്ല. വിദ്യാർത്ഥികളാണ് ഇതിന്റെ നടത്തിപ്പുകാർ എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഫെബ്രുവരി 23 , 24 25 തീയതികളിലാണ് ഈ വർഷത്തെ ആർദ്രയുടെ കാർണിവെൽ.