Sorry, you need to enable JavaScript to visit this website.

എന്താണ് എലിപ്പനി? എന്താണ് ലക്ഷണങ്ങള്‍?


 
എലിപ്പനിയെക്കുറിച്ച്  ഇന്‍ഫോ ക്ലിനിക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.
 
1. എന്താണ് എലിപ്പനി?
എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ എന്ന ഗ്രൂപ്പില്‍ പെട്ടതാണ് ഈ ബാക്ടീരിയ. എലിപ്പനിക്കെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല.
2. എങ്ങനെയാണ് ഈ രോഗം പടരുക?
രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും നനവുള്ള പ്രതലത്തിലൂടെയും അതുപോലെ ചളിയുള്ള മണ്ണിലൂടെയും അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ എന്നിവ വഴിയാണ് രോഗാണു അകത്തു കടക്കുക.
3. രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
രോഗാണു അകത്തു കടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരുക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം.
4. ഗുരുതരാവസ്ഥ എന്തൊക്കെയാണ്?
സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.

5. രോഗം എങ്ങനെ തടയാം?
പ്രതിരോധം ആണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും ഒരു വലിയ പ്രളയം കഴിഞ്ഞ സാഹചര്യത്തില്‍ നാട്ടിലെങ്ങും മലിനമായ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതോടൊപ്പം രക്ഷാപ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അവ എന്തൊക്കെയാണെന്ന് പറയാം:
-രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍, കൈയുറയും ബൂട്ടും ധരിക്കണം. മുറിവുകള്‍ ഉണ്ടെങ്കില്‍ വൃത്തിയായി നനയാതെ പൊതിഞ്ഞു സൂക്ഷിക്കണം.
-വീടുകളിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ മുറികളില്‍ മുഴുവന്‍ ചെളിയും മറ്റും ഉണ്ടാകും. ഇത് വൃത്തിയാക്കുന്നതിനു മുന്നേ മുകളില്‍ പറഞ്ഞ സംരക്ഷണം ഉണ്ടാകണം. അതുപോലെ ആദ്യമേ തന്നെ വീടിനകവും പാത്രങ്ങളും മറ്റും അണുമുക്തമാക്കാന്‍ ശ്രമിക്കണം.
-ഇതിനായി ഒരു ശതമാനം ക്ലോറിന്‍ ലായനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഏകദേശം ആറ്? ടീ സ്പൂണ്‍ ബ്ലീച്ചിങ്? പൗഡര്‍ കലക്കി 10 മിനിറ്റ് വെച്ചിട്ട് വെള്ളം മാത്രം ഊറ്റിയെടുത്ത് തറയും മറ്റു പ്രതലങ്ങളും പാത്രവും വൃത്തിയാക്കണം. അണുമുക്തം ആകാന്‍ 30 മിനിറ്റ്  സമയം നല്‍കണം.
-വീടുകളിലെ കിണറുകളും മറ്റു ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം.
-ചത്ത മൃഗങ്ങളെയും മറ്റും നീക്കംചെയ്യുന്നവര്‍ മുകളില്‍ പറഞ്ഞ നിലക്കുള്ള മുന്‍കരുതലുകള്‍ എടുക്കണം. കൂടാതെ ജോലിക്കു ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും വേണം. മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇത് ചെയ്യണം.
വെള്ളത്തില്‍ മുങ്ങിക്കിടന്ന ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കരുത്. ഭക്ഷണ വസ്തുക്കള്‍ നല്ലതുപോലെ വേവിച്ചും, കുടിവെള്ളം ഒരു മിനിറ്റ് എങ്കിലും തിളപ്പിച്ചും വേണം ഉപയോഗിക്കാന്‍.
എലികളും മറ്റും ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കണം. എലികളെ കൊല്ലാനായി എലിക്കെണികള്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എലിവിഷം ഈ സമയത്ത് അപകടകരമാണ്. ഒഴിവാക്കുക.
-വീട്ടിലും പരിസരത്തും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികളും മറ്റും ഇത്തരം വെള്ളത്തില്‍ ഇറങ്ങി കളിക്കാന്‍ സാധ്യതയുണ്ട്.
-ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം.
-ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍, നിര്‍ദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണം. സ്വയം ചികിത്സ പാടില്ല.
ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ ശ്രദ്ധിക്കാന്‍:
-വെറുംവയറ്റില്‍ ഗുളിക കഴിക്കരുത്. ഭക്ഷണശേഷം മാത്രം കഴിക്കണം.
-ഗുളിക കഴിച്ചുകഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. (ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന വയറെരിച്ചില്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്.)
ഗുളികയുടെ ഡോസ്
-14 വയസ്സിന് മുകളില്‍ 200 എം.ജി ആഴ്ചയില്‍.
-8-14 വയസ്സ് 100 എം.ജി ആഴ്ചയില്‍. (നാല് ആഴ്ചകളില്‍ കഴിക്കുക)
-എട്ട്?  വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്‌സി നല്‍കരുത്. പകരം ഡോക്ടറുടെ നിര്‍ദേശ പ്രകാരം അസിത്രോമൈസിന്‍ ഗുളിക നല്‍കുക.
എലിപ്പനി ഏത് പ്രായത്തിലുള്ളവര്‍ക്കും വരാം. പക്ഷേ, ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, സ്ഥിരം കിടപ്പ്? അവസ്ഥയില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് രോഗം വരാന്‍ സാധ്യത കുറവാണ്. എന്നാല്‍, ഇത്തരക്കാരെ ഈര്‍പ്പവും നനവും ഉള്ളിടങ്ങളില്‍ കിടത്താന്‍ ഇടയായാല്‍ ഇവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. കുട്ടികളിലും വയോജനങ്ങളിലും പൊതുവെ രോഗത്തിന്റെ ഗൗരവം കൂടുതലാണ്.
നേരത്തേ പറഞ്ഞതുപോലെ വാക്‌സിന്‍ കണ്ടെത്താത്തതിനാല്‍ രോഗം വരാതിരിക്കാനുള്ള ചുറ്റുപാടൊരുക്കുകയും, വ്യക്തിസുരക്ഷയും ആണ് ഏറ്റവും നല്ല മാര്‍ഗം. അതിനായുള്ള മാര്‍ഗങ്ങളാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.
തയാറാക്കിയത്: ഡോ. ജിതിന്‍ ടി. ജോസഫ്, ഡോ. കെ.കെ. പുരുഷോത്തമന്‍, ഡോ. പി.കെ. സുനില്‍ (ഇന്‍ഫോ ക്ലിനിക്)
 

Latest News