ജറൂസലം-ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സമയക്രമം അടങ്ങുന്ന സമഗ്ര സമാധാന പദ്ധതി അമേരിക്കയും അറബ് സഖ്യകക്ഷികളും ചേര്‍ന്ന് തയാറാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രായിലും ഫലസ്തീനികളും തമ്മിലുള്ള ദീര്‍ഘകാല സമാധാന കരാര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ നീക്കത്തെ അപലപിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ കരടിനെ കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവരാമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് ഗാസയിലെ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് ഇസ്രായിലും ഹമാസും തമ്മില്‍ കരാറിലെത്തുന്നതുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് യു.എസ്, അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായില്‍ നേരത്തെ തന്നെ നിരസിച്ച നടപടികള്‍ കൂടി ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട പദ്ധതി. നിരവധി വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റുകള്‍ ഒഴിപ്പിക്കുക, കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്‍ തലസ്ഥാനമാക്കുക, വെസ്റ്റ് ബാങ്കിനും ഗാസയ്ക്കും വേണ്ടിയുള്ള സംയുക്ത സുരക്ഷാ സംവിധാനവും സര്‍ക്കാരും തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇസ്രായില്‍ നേരത്തെ നിരാകരിച്ചിരുന്നു.
യു.എസും അറബ് പങ്കാളികളും നല്‍കുന്ന സുരക്ഷാ ഉറപ്പുകളും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളുമായി സാധാരണ ബന്ധത്തിലെത്താനുള്ള താല്‍പര്യവും പദ്ധതി അംഗീകരിക്കാന്‍ ഇസ്രായിലിനെ േ്രപരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനും ബന്ദികളാക്കിയ 134 പേരെ മോചിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന താല്‍ക്കാലിക ഉടമ്പടിക്ക് ഇസ്രായിലും ഹമാസും സമ്മതിച്ചാലുടന്‍ പദ്ധതി പരസ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.