തായ്‌പെയ്-പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂട്ടുമെന്ന് പഠനം. അണ്ഡാശയങ്ങളില്‍ നിന്ന് ഗുണമില്ലാത്ത അണ്ഡം വലുതായിവരുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). ക്രമരഹിതമായ ആര്‍ത്തവം, ആന്‍ഡ്രോജെന്‍ എന്ന പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുക, അമിതരോമ വളര്‍ച്ച തുടങ്ങിയവ ലക്ഷണങ്ങളാണ്.
വ്യായമമില്ലായ്മയും ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതും അമിത സമ്മര്‍ദമുണ്ടാകുന്നതൊക്കെയാണ് പിസിഒഎസ് സാധ്യത കൂട്ടുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പിസിഒഎസ് സംബന്ധിച്ച ശരീരിക പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് തായ്‌വനില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 12 നും 64 നും ഇടയില്‍ പ്രായമുള്ള പിസിഒഎസ് സ്ഥിരീകരിച്ച 9,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരില്‍ പലരിലും ആത്മഹത്യാചിന്തകള്‍ ഉടലെടുത്തതായി ഗവേഷകര്‍ കണ്ടെയെന്ന് അനാല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പിസിഒഎസ് മൂലമുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്.
അമിതവണ്ണം, അമിതരോമവളര്‍ച്ച, ആര്‍ത്തവം ക്രമമല്ലാതെ വരിക, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് ഇവര്‍. ഇവയെല്ലാം സ്ത്രീകളില്‍ മാനസികസമ്മര്‍ദം വര്‍ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. പിസിഒഎസ് മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഇവരെ കൂടുതല്‍ വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പിസിഒഎസ് ഉള്ളവരില്‍ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ് ഇത് ആത്മഹത്യക്കുള്ള സാധ്യതയും കൂടുന്നു.
പിസിഒഎസിനു മാത്രമായുള്ള ചികിത്സ നിലവില്‍ ലഭ്യമല്ല. ലക്ഷണങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സയാണ് നല്‍കിവരാറുള്ളത്. ഒപ്പം വണ്ണം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, വ്യായാമം ശീലമാക്കുക എന്നിവ വഴി പിസിഒഎസിനെ നിയന്ത്രിക്കാം.