- ബാബരിയിൽ മുസ്‌ലിംകൾ എന്തു പിഴച്ചു? എനിക്കെത്ര ആലോചിച്ചിട്ടും തരൂർ പറഞ്ഞത് മനസ്സിലായില്ല. അദ്ദേഹമത് വിശദീകരിക്കണം. വ്യക്തത നൽകണം, തരൂർ ഗാന്ധിജിയെയും നെഹ്‌റുവിനെയുമെല്ലാം മറന്നോ എന്നും തരൂരിന് ചാഞ്ചാട്ടമുണ്ടായിരുന്നോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
- രാമക്ഷേത്ര പ്രതിഷ്ഠയിൽ ഗോഡ്‌സെയുടെ പാർട്ടി വിളിച്ചാൽ അതിന് പോകണോ വേണ്ടേ എന്നതിൽ ഗാന്ധിജിയുടെ പാർട്ടിക്ക് സംശയം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും സി.പി.ഐ നേതാവ്
തിരുവനന്തപുരം - കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെ മുസ്‌ലിം ലീഗ് വേദിയിലിരുത്തി രൂക്ഷ വിമർശവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ബാബരി മസ്ജിദ് മുസ്‌ലിംകൾ ബഹുമാനപൂർവ്വം, സന്തോഷത്തോടെ വിട്ടുകൊടുക്കണമായിരുന്നുവെന്ന ശശി തരൂരിന്റെ ഒരു ഇന്റർവ്യൂവിലെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശം.
ബാബരിയിൽ മുസ്‌ലിംകൾ എന്തു പിഴച്ചു? എനിക്കെത്ര ആലോചിച്ചിട്ടും തരൂർ പറഞ്ഞത് മനസ്സിലായില്ല. അദ്ദേഹമത് വിശദീകരിക്കണം. വ്യക്തത നൽകണം, തരൂർ ഗാന്ധിജിയെയും നെഹ്‌റുവിനെയുമെല്ലാം മറന്നോ എന്നും ഈ പ്രസ്താവന നടത്തുമ്പോൾ തരൂരിന് ചാഞ്ചാട്ടമുണ്ടായിരുന്നോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
ഞാൻ രാഷ്ട്രീയം പറയുകയല്ലെങ്കിലും ഇത് പറഞ്ഞേ തീരൂ. അല്ലെങ്കിൽ നമ്മളെല്ലാം കളവെട്ടുകാരായി മാറും. യഥാർത്ഥ പ്രശ്‌നം പറയേണ്ടിടത്ത് പറയാതെ നമ്മളെല്ലാം കൈ കൊടുത്ത് ചിരിച്ച് പിരിഞ്ഞാൽ നമ്മൾ വെറും നാടകക്കാരായി മാറും. രാഷ്ട്രീയം നാടകമല്ല. നാടകമാകൻ പാടില്ല. രാഷ്ട്രീയത്തിൽ യോജിപ്പിനെ പറ്റി പറയാം. ഒപ്പം വിയോജിപ്പുകളും സ്‌നേഹത്തോടെ, സൗഹൃദത്തോടെ തുറന്നുകാണിക്കണം. ഞാൻ സ്‌നേഹത്തോടെ പറയുന്നു. ശശി തരൂർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ബാബരി പള്ളി അവിടുന്നെടുത്ത് മാറ്റി സ്ഥാപിക്കണം എന്നത് എന്തടിസ്ഥാനത്തിലാണ് പറയുന്നത്? എന്താണതിന്റെ കാര്യം? എന്തിനാണത് എടുത്തുമാറ്റുന്നത്? ആരാണ് കൊള്ളക്കാർ? പള്ളി പൊളിച്ചവരാണ് കൊള്ളക്കാരെന്നു പറയാൻ നമുക്ക് നാവ് പൊങ്ങേണ്ടേ? ഹിന്ദുത്വ ശക്തികളുടെ ആ വാദഗതി ശശി തരൂർ പറഞ്ഞത് എനിക്ക് സ്വീകാര്യമല്ലെന്ന് തറപ്പിച്ചു പറയുന്നു.
എനിക്കുറപ്പാണ് ലീഗിന്റെ അണികൾക്ക് യു.ഡി.എഫിന്റെ ബന്ധം വളരെ വലിയ ബന്ധമായിരിക്കും. പക്ഷേ, ആ രാഷ്ട്രീയത്തോട് എത്രമാത്രം പൊരുത്തപ്പെടാനാകും. യു.ഡി.എഫ് തകരുമെന്ന് ഞാൻ പറയുകയല്ല. പക്ഷേ, ഉത്തരങ്ങൾ വേണം. ഉത്തരങ്ങൾ ഉണ്ടായേ മതിയാകൂ. അത് രാജ്യം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പുകൾ വരും പോകും; ജയിക്കും തോൽക്കും. അതെല്ലാം കഴിഞ്ഞാലും ഈ രാജ്യം നിലനിൽക്കണം. ഇന്ത്യ തോൽക്കാൻ പാടില്ല. ഇന്ത്യ ജിവിക്കണം, ഇന്ത്യ ജയിക്കണം. ഈ ഉറപ്പ് നമുക്കുണ്ടാവണം. അങ്ങനെ ഇന്ത്യ ജയിക്കണമെങ്കിൽ ഒരു ഭാഗത്ത് ആർ.എസ്.എസും ബി.ജെ.പിയും പറയുന്ന ഹിന്ദുത്വ ശക്തികൾ രണ്ടല്ല, ഒന്നാണെന്നു നാം മനസ്സിലാക്കണം. ബാബരി മസ്ജിദ് പൊളിച്ചവരാണ് കൊള്ളക്കാരെന്നും പള്ളിക്കുള്ളിൽ നിന്ന് പ്രാർത്ഥിച്ചവരല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണിത ശ്രീരാമക്ഷേത്ര പ്രതിഷ്ഠയിലെ ക്ഷണം കിട്ടിയപ്പോൾ കോൺഗ്രസിന് ചാഞ്ചാട്ടം ഉണ്ടായി. ആ ചാഞ്ചാട്ടം മനസിലാക്കാനാകാത്ത രാഷ്ട്രീയക്കാരനാണ് താനെന്നും ഗോഡ്‌സെയുടെ പാർട്ടി വിളിച്ചാൽ അതിന് പോകണോ എന്നതിൽ ഗാന്ധിജിയുടെ പാർട്ടിക്ക് സംശയം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുസ്‌ലിം ലീഗ് നേതാക്കളായ ബാഫഖി തങ്ങൾ, ഇ അഹമ്മദ് എന്നിവരുടെ അനുസ്മരണ സമ്മേളന വേദിയിൽ ലീഗ് സംസ്ഥാന നേതാക്കളും ഇടതു മുന്നണി കൺവീനറുമെല്ലാം വേദിയിലിരിക്കെ ശശി തരൂരിനെ ചൂണ്ടിക്കാട്ടിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസംഗം. തരൂർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ ഊഴമെത്തിയപ്പോൾ മറുപടി പറയുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. ബിനോയ് വിശ്വവും മറുപടി കേൾക്കാനായി വേദി വിടാതെ കാത്തിരുന്നെങ്കിലും ശശി തരൂർ മറുപടി പറയാതെ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.