കോഴിക്കോട് - കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂർ എൽ.പി സ്‌കൂളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പൂജ സംഘടിപ്പിച്ചതിൽ മാനേജ്‌മെന്റ് ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപോർട്ട്. ചൊവ്വാഴ്ച്ച രാത്രിയാണ് സ്‌കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ഗണപതി ഹോമം നടന്നത്. പൂജ നിർത്താൻ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടിട്ടും മാനേജർ കൂട്ടാക്കിയില്ലെന്നാണ് കുന്നുമ്മൽ എ.ഇ.ഒ ഡി.ഇ.ഒയ്ക്ക് നൽകിയ റിപോർട്ടിലെന്നാണ് വിവരം. ഒരു അധ്യാപികയും പൂജയിൽ പങ്കെടുത്തു. എ.ഇ.ഒയുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയരക്ടർ ജനറൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ റിപോർട്ട് കൈമാറും. തുടർന്നായിരിക്കും എന്തു നടപടി വേണമെന്ന് തീരുമാനിക്കുക.
വീഴ്ച ആരോപിച്ച് പ്രദേശത്തെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നാല പോലീസെത്തി സ്‌കൂൾ മാനേജർ അടക്കം ഏഴുപേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചതെന്നാണ് പറയുന്നത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടന്നത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയിലായിരുന്നു.