മുംബൈ- ഇന്ത്യന്‍ ജയിലുകളില്‍ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവിലയാണെന്ന് ദുഷ്‌പേര് മാറ്റാനും വമ്പന്‍ തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ട അതിസമ്പന്നരായ പിടികിട്ടാ പുള്ളികളെ തിരിച്ചെത്തിക്കുന്നതിനുമായി യൂറോപ്യന്‍ സൗകര്യങ്ങളുള്ള മികച്ച ജയിലറകള്‍ ഇന്ത്യയിലും ഒരുക്കുന്നു. മുംബൈയിലെ പ്രശസ്ത ജയിലായ ആര്‍തര്‍ റോഡ് ജയിലിലാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന മികച്ച സൗകര്യങ്ങളുള്ള ഡസനോളം തടവറകള്‍ അധികൃതര്‍ ഒരുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഇതിനായി 93 വര്‍ഷം പഴക്കമുള്ള ആര്‍തര്‍ റോഡ് ജയിലിലെ ഏതാനം സെല്ലുകള്‍ പുതുക്കി പണിയാനാണു അധികൃതരുടെ തീരുമാനം. ബ്രിട്ടന്‍ അടക്കം യൂറോപ്യന്‍ രാജ്യങ്ങളിലെ ജയിലുകള്‍ക്കു സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക.
വന്‍ തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ട അതി സമ്പന്നരായ കുറ്റവാളികളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പലപ്പോഴും രാജ്യത്തെ ജയിലുകൡലെ ദുരവസ്ഥ വിലങ്ങാകുന്നുണ്ട്. ഇതു മറികടക്കാനാണ് രാജ്യാന്തര നിലവാരത്തിലുള്ള ജയിലറകള്‍ ഇന്ത്യയില്‍ തന്നെ ഒരുക്കുന്നത്.
ആര്‍തര്‍ റോഡ് ജയിലിലെ പഴകെട്ടിടങ്ങള്‍ പൊളിച്ച് പുതിയത് പണിയാനുള്ള ടെണ്ടര്‍ നടപടികള്‍ മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചതായും റിപോര്‍ട്ട് പറയുന്നു. അടുത്ത ആറുമാസത്തിനകം പുതിയ ജയിലറകള്‍ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മതിയായ സൂര്യം വെളിച്ചം ലഭിക്കുന്നതും ആവശ്യമായ വിസ്താരമുള്ളതുമായിരിക്കും ഇവ.
ഈയിടെ ആര്‍തര്‍ റോഡ് ജയിലിലെ 12-ാം നമ്പര്‍ ബാരക്കില്‍ നവീകരണ പ്രവൃത്തികള്‍ നടന്നിരുന്നു. നിലത്ത് പുതിയ ടൈലുകള്‍ വിരിക്കുകയും ചുമരുകളില്‍ പുതിയ നിറം പൂശുകയും ടോയ്‌ലെറ്റുകള്‍ നവീകരിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടീഷ് കോടതിയില്‍ സമര്‍പ്പിക്കാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനായിരുന്നു ഈ പുതുക്കലെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിലെ ജയിലുകളിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് കോടതിയില്‍ മല്യ തന്നെ ഇന്ത്യയ്ക്കു കൈമാറുന്നതിനെ പ്രതിരോധിച്ചിരുന്നത്. ബാങ്കു തട്ടിപ്പു നടത്തി രാജ്യവിട്ട വ്യവസായികളായ നീരവ് മോഡി, മെഹുല്‍ ചോക്‌സി തുടങ്ങിയ വ്യവസായികളേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജയില്‍ നവീകരണം നടക്കുന്നത്.