കൊച്ചി- ക്രയോണ്‍സ് പിക്‌ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയലര്‍ ലോഞ്ച് പത്തനാപുരം ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റില്‍ പ്രണയ ദിനത്തില്‍ റിലീസ് നടന്നു. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ ആയതുകൊണ്ടാണ് തന്റെ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവന്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അഭിജിത് അശോകന്‍ പറഞ്ഞു.
'തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ ഗാന്ധിഭവനില്‍ വാര്‍ധക്യത്തിലും ഒരുമിച്ചു കഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചു കൊണ്ടാണ് ഈ പ്രണയ ദിനത്തില്‍ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്തത്'. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും.
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു ശിഷ്ടകാലം ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്റെ മുറികളില്‍ ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ള അനേകം അച്ഛന്‍അമ്മമാര്‍ക്ക് തന്റെ സിനിമയിലൂടെ, സമൂഹത്താല്‍ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുപറ്റം ആളുകള്‍ക്ക്, വാര്‍ധക്യം എന്നത് നമ്മളിലേക്ക് മാത്രമായി ഒതുങ്ങി കൂടാനുള്ള ഒരു സമയം അല്ല എന്നും മുന്നോട്ട് സന്തോഷത്തോടെ ജീവിക്കാനുള്ളതുമാണെന്ന ഓര്‍മപ്പെടുത്തല്‍ ആയിരിക്കും ഈ സിനിമ എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം കരസ്ഥമാക്കിയത്.
40 വര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രത്തില്‍. തമിഴിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ലീല സാംസണ്‍ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോള്‍, നോബി മാര്‍ക്കോസ്, ഇര്‍ഷാദ് അലി, പൗളി വത്സന്‍, നന്ദന്‍ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവര്‍ ആണ് മറ്റു താരങ്ങള്‍. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.