Sorry, you need to enable JavaScript to visit this website.

തടവുകാര്‍ ഗര്‍ഭിണികളായത് ജയിലിന് പുറത്തുവെച്ചെന്ന് പുതിയ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-പശ്ചിമ ബംഗാളിലെ വനിതാ ജയിലുകളില്‍ തടവുകാര്‍ ഗര്‍ഭിണികളായ സംഭവത്തില്‍ ഭൂരിഭാഗവും തടവുകാര്‍ ജയിലിന് പുറത്തായിരുന്നപ്പോള്‍ സംഭവിച്ചതാണെന്ന് അമിക്ക്യസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. പശ്ചിമ ബംഗാളിലെ ജയിലുകളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നുവെന്ന ആരോപണം പരിശോധിക്കാന്‍ കോടതി അടുത്തിടെ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെ അമിക്കസ് ക്യൂറിയായി  നിയോഗിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഭൂരിഭാഗം കേസുകളും തടവുകാര്‍ ജയിലിന് പുറത്തായിരുന്നപ്പോള്‍ സംഭവിച്ചതാണെന്ന് അമിക്ക്യസ് ക്യൂറി റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത്തരം കേസുകളിലെ മിക്ക വനിതാ തടവുകാരും ജയിലില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഗര്‍ഭധാരണം പ്രതീക്ഷിച്ചിരുന്നു. ചില കേസുകളില്‍, വനിതാ തടവുകാര്‍ പരോളില്‍ പോയി തിരിച്ചുവന്നപ്പോഴാണ് ഗര്‍ഭധാരണം സ്ഥിരീകരിച്ചതെന്നും അമിക്ക്യസ് ക്യൂറി റിപോര്‍ട്ടില്‍ വ്യക്തമാക്കി. ജയിലുകളിലെ വനിതകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളു അമിക്ക്യസ്‌ക്യൂറി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വനിതാ ജുഡീഷ്യല്‍ ഓഫീസര്‍, ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വനിതാ പോലീസ് ഓഫീസര്‍, വനിതാ ജയില്‍ സൂപ്രണ്ട് എന്നിവര്‍ ഒരുമിച്ച് വനിതാ ജയിലുകളിലെ  സുരക്ഷാ നടപടികള്‍ വിലയിരുത്തണം.വനിതാ തടവുകാരുടെ സുരക്ഷയും ക്ഷേമവും നിലനിര്‍ത്തുന്നതിന് മതിയായ വനിതാ ഉദ്യോഗസ്ഥരുടെ ലഭ്യത ഈ ഉദ്യോഗസ്ഥര്‍ പരിശോധി്കണം. പ്രവേശന സമയത്തും  ഇടവേളകളിലും സ്ത്രീകളുടെ ആരോഗ്യ പരിശോധനകള്‍ നടത്തുന്നുണ്ടോയെന്നും് നിരീക്ഷിക്കണം. കുട്ടികളുള്ള ജയിലുകളില്‍, തടവിലാക്കപ്പെട്ട അമ്മമാരോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് ക്രഷെകള്‍, സ്‌കൂള്‍ വിദ്യാഭ്യാസം, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യത പരിശോധിക്കാന്‍ ജില്ലയിലെ ശിശുക്ഷേമ സമിതിയിലെ ഒരു വനിതാ അംഗത്തെ കൂടി ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണെന്നും അമിക്ക്യസ് ക്യൂറി നിര്‍ദേശിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പശ്ചിമ ബംഗാളിലെ ജയിലുകളില്‍ 62 കുട്ടികള്‍ ജനിച്ചതായി പശ്ചിമ ബംഗാളിലെ എഡിജിയും കറക്ഷണല്‍ സര്‍വീസസ് ഐജിയും അറിയിച്ചിരുന്നു.

 

Latest News