ന്യൂദല്‍ഹി- രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി സോണിയാ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ജയ്പൂരിലേക്ക് അവരെ അനുഗമിക്കും. 1999 മുതല്‍ ലോക്‌സഭയില്‍ പ്രവര്‍ത്തിക്കുന്ന 77 കാരിയായ സോണിയ ആദ്യമായാണ് രാജ്യസഭയിലേക്ക് പ്രവേശിക്കുന്നത്.
രാജ്യസഭയില്‍നിന്ന് വിരമിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പിന്‍ഗാമിയായാണ് അവര്‍ ചുമതലയേല്‍ക്കുന്നത്.
രാജ്യസഭയിലേക്കുള്ള സോണിയയുടെ വരവ് റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിക്ക് അവസരമാകും. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക അരങ്ങേറ്റം കുറിക്കുമെന്ന് എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആരോഗ്യ കാരണങ്ങളാലാണ് സോണിയ രാജ്യസഭയിലേക്ക് മാറുന്നത്.
മണ്ഡലത്തിലേക്ക് സ്ഥിരമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നും അവിടെനിന്ന് വീണ്ടും മത്സരിക്കാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും റായ്ബറേലിയില്‍ നിന്നുള്ള പ്രതിനിധികളോട് സോണിയ പറഞ്ഞു.
മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ പി.സി.സികളും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിക്കാന്‍ സോണിയയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടി രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.