അഹമ്മദാബാദ് - മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു കൊണ്ടുവരുന്നതിന് മാസം 25,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്ത് ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും അയക്കുന്ന സംഘമാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘം സൂററ്റില്‍ താമസിക്കുന്ന അവിനാഷ് മഹാതോ (19), ശ്യാം കുര്‍മി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 58 മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. അതില്‍ 29 ഐഫോണുകളും ഒമ്പത് വണ്‍പ്ലസ് ഫോണുകളുമുണ്ട്. കണ്ടെടുത്ത ഫോണുകളുടെ ആകെ മൂല്യം 20.60 ലക്ഷം രൂപയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവിനാഷും ശ്യാമും ജാര്‍ഖണ്ഡില്‍ കൂലിപ്പണിക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവിനാഷിന്റെ ജ്യേഷ്ഠന്‍ പിന്റു മഹാതോയും രാഹുല്‍ മഹാതോയും ഗുജറാത്തില്‍ മൊബൈല്‍ മോഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മോഷ്ടിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്ത് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും അയക്കുന്നതാണ് പരിപാടി.
രാഹുലും പിന്റുവും അവിനാഷിനോടും ശ്യാമിനോടും അവര്‍ക്ക് വേണ്ടി ജോലി ചെയ്യാനും ഫോണ്‍ മോഷ്ടിക്കാന്‍ സഹായിക്കാനും പറഞ്ഞു. ഇതിന് പ്രതിമാസം 25,000 രൂപ സ്ഥിര ശമ്പളം നല്‍കും. തിരക്കേറിയ സ്ഥലങ്ങളില്‍ പോയി ഫോണ്‍ മോഷ്ടിക്കുന്നതിന് 45 ദിവസം പരിശീലനം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഹമ്മദാബാദ്, ഗാന്ധിനഗര്‍, വഡോദര, ആനന്ദ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ ഇത്തരം മോഷണങ്ങള്‍ നടത്തിയതായി ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.