ന്യൂദല്‍ഹി- ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
'സംസ്ഥാനം കുറ്റവാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു', 'സംസ്ഥാനം ഒത്താശ ചെയ്തു' തുടങ്ങിയ പരാമര്‍ശങ്ങള്‍ ഉത്തരവില്‍നിന്ന് ഒഴിവാക്കണമെന്ന് ഹരജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളുടെ ഇളവ് അപേക്ഷ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതിയുടെ 2022 മെയിലെ വിധിയിലാണ് ഇത്തരം പരാമര്‍ശങ്ങള്‍.
2002ല്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലും വര്‍ഗീയ കലാപത്തിനിടെ അവരുടെ കുടുംബാംഗങ്ങളില്‍ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലും 11 പ്രതികളെ നേരത്തെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ജനുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
നീതി ലഭിക്കാന്‍ ബില്‍ക്കിസ് ബാനുവിന് വിവിധ ഘട്ടങ്ങളിലായി നാല് തവണ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്ന ചരിത്രത്തിലേക്ക് കടന്നസുപ്രീം കോടതി, ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് അനുകൂലമായി ശിക്ഷാ ഇളവ് ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ അവര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തെന്ന് കുറ്റപ്പെടുത്തിയിരുന്നു.