സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകളിൽ പ്രതികരിച്ച് നടി കനിഹ. ഷോർട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ലെന്ന് അവർ പറഞ്ഞു. അമ്പലത്തിൽ പോകുമ്പോഴും ബീച്ചിൽ പോകുമ്പോഴുമെല്ലാം എന്താണ് ധരിക്കേണ്ടതെന്ന് തനിക്കറിയാമെന്നും നിങ്ങളുടെയൊക്കെ വീട്ടിലുള്ള സ്ത്രീകൾക്കുള്ളതൊക്കെ തന്നെയാണ് തനിക്കുമുള്ളതെന്നും അവർ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
നെഗറ്റീവ് കമന്റുകൾ വേദനിപ്പിക്കുന്നതും ആത്മവിശ്വാസത്തെ തകർക്കുന്നതുമാണെങ്കിലും ഇപ്പോഴതൊന്നും കാര്യമായി മൈൻഡ് ചെയ്യാറില്ല. മുമ്പൊക്കെ, മോശം കമന്റുകൾ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ എന്റെ തൊലിക്കൽപ്പം കട്ടി കൂടി. ഒരുഘട്ടം കഴിഞ്ഞതോടെ അത് തന്നെ ബാധിക്കാതായി. ആരോ, ഏതോ ഒളിമറയത്തിരുന്ന് സ്വന്തം മുഖംപോലും കാണിക്കാൻ ധൈര്യമില്ലാതെ ഇടുന്ന കമന്റിന് ഞാൻ മറുപടി നൽകി എന്തിനാണ് അവരെയൊക്കെ വലുതാക്കുന്നത്.
ശരീരഭാഗങ്ങളെക്കുറിച്ച് വൃത്തികെട്ട കമന്റുകളാണ് കൂടുതലും വരുന്നത്. തുടക്കത്തിൽ വല്ലാതെ വേദനിച്ചെങ്കിലും ഇപ്പോൾ ഞാൻ അവയെല്ലാം അവഗണിക്കുകയാണ്. ഒരു സ്ത്രീ, നടി എന്ന നിലയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. ഷോർട്‌സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ സെക്‌സി ലെഗ്‌സ് എന്നായിരിക്കും കമന്റ്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല. പിന്നെ ഞാൻ സാരിയുടുത്ത ചിത്രം പോസ്റ്റ് ചെയ്താലും അവർ കമന്റ് ചെയ്യും. അവർക്കങ്ങനെ വേർതിരിവൊന്നുമില്ല. അങ്ങനെയുള്ളവരെ ബോധ്യപ്പെടുത്തി ജീവിക്കാൻ നോക്കിയാൽ എനിക്ക് എന്റെ ജീവിതമാകും നഷ്ടമാവുക.
ഞാൻ ബീച്ചിൽ പോയപ്പോൾ ഷോർട്ട്‌സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു ചോദ്യം. നിങ്ങളെ ഹോംലി ആയിട്ടാണ് കണ്ടതെന്നാണ് ചിലർ പറയുന്നത്. അവരോടായി പറയുന്നു: എന്നെ ഹോംലി ആയി കാണാൻ ഞാൻ പറഞ്ഞിട്ടില്ല. ഷോർട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ല. ബീച്ചിൽ പോകുന്നതു കൊണ്ടാണ് ഷോർട്‌സ് ഇട്ടത്. അതാണ് പോസ്റ്റ് ചെയ്തത്. അത് എന്റെ ഇഷ്ടമാണ്. സഭ്യതയുടെ അതിര് ഞാനൊരിക്കലും മറികടക്കില്ല. അമ്പലത്തിൽ പോകുമ്പോൾ എന്ത് ധരിക്കണമെന്ന് എനിക്കറിയാം. നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്. ഹോർമോണും പ്രെഗ്‌നൻസിയുമൊക്കെയായി സ്ത്രീകളുടെ ശരീരം പുരുഷന്മാരെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആർത്തവത്തിന് മുമ്പ് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ നടക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളിൽ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാൽ അപ്പിയറൻസിനെപ്പറ്റി തന്നെ കമന്റ് ചെയ്തുകൊണ്ടിരുന്നാൽ അത് പലരെയും വേദനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.