Sorry, you need to enable JavaScript to visit this website.

ജമ്മുവില്‍ സൈന്യത്തിന്റെ പീഡനം; ലേഖനം പിന്‍വലിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി- ജമ്മുവില്‍ സൈന്യം സിവിലിയന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ച് പ്രസിദ്ധീകരിച്ച ലേഖനം പിന്‍വലിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍.
ലേഖനം പിന്‍വലിക്കാന്‍ കാരവന്‍ മാഗസിനോടാണ്  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
പട്ടാളം മോഡിയുടെ കീഴില്‍ എന്ന ലേഖന പരമ്പരയുടെ ഭാഗമാണിതെന്നും ഉത്തരവ് ചോദ്യം ചെയ്യുമെന്നും കാരവന്‍ സമൂഹ മാധ്യമ പഌറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു.  ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളി എന്ന തലക്കെട്ടില്‍ ജതീന്ദര്‍ കൗര്‍ തൂര്‍ എഴുതിയ ലേഖനമാണ് വിവാദമായത്. ജമ്മുവില്‍ കനത്ത സൈനികസാന്നിധ്യമുള്ള രണ്ട് ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലെ സാധാരണക്കാരുടെ ആരോപണങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച് പട്ടാളം സാധാരണക്കാരെ പീഡിപ്പിക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യുന്നുവെന്ന ആരോപണങ്ങമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ നടപ്പാക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്

ഒരു പ്രവാസിയെ സഹായിച്ച് മറ്റൊരു പ്രവാസി, വീണ്ടെടുക്കലിന്റെ ഒരു ദുബായിക്കഥ
2023 ഡിസംബര്‍ 22ന് പൂഞ്ചില്‍ നാല് സൈനികരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് ശേഷം ചോദ്യം ചെയ്യാനായി പിടികൂടിയതിനു പിന്നാലെ മരിച്ച ഇന്റലിജന്‍സ് ബ്യൂറോ ഇന്‍ഫോര്‍മറുടെ കുടുംബവുമായുള്ള അഭിമുഖവും ഇതില്‍ ഉള്‍പ്പെടുന്നു.  മൃതദേഹം തിരികെ ഏല്‍പ്പിച്ച ശേഷം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാരവന്‍ ആദ്യമായല്ല, ലേഖനങ്ങളുടെ പേരില്‍ നിയമപരമായ തിരിച്ചടി നേരിടുന്നത്. 2011ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റിന്റെ (ഐഐപിഎം) സ്ഥാപകനായ അരിന്ദം ചൗധരി  അസം സില്‍ച്ചാറിലെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലേഖനം പിന്‍വലിക്കേണ്ടി വന്നിരുന്നു.
കോടതിയില്‍ നല്‍കിയ അപ്പീല്‍ വിജയിച്ച ശേഷം 2018 ലാണ് അത് വീണ്ടും പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ  ഐഐപിഎം സ്ഥാപകനായ ചൗധരി 2020 ല്‍ ജിഎസ്ടി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി.
2007ലെ സംഝോത എക്‌സ്പ്രസ് ട്രെയിന്‍ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരനായി കുറ്റപത്രം സമര്‍പ്പിച്ച സ്വാമി അസീമാനന്ദയുടെ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴും മാഗസിന്‍ നിയമപരമായ ഭീഷണി നേരിട്ടു. ആക്രമണത്തില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ അസീമാനന്ദയുടെ അഭിമുഖങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
2014ല്‍ മാഗസിന്‍ ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിയമനടപടി സ്വീകരിക്കുമെന്ന് അസീമാനന്ദ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജയിലില്‍ നിന്നുള്ള അഭിമുഖങ്ങളുടെ ഓഡിയോ റെക്കോര്‍ഡിംഗുകളും ട്രാന്‍സ്‌ക്രിപ്റ്റുകളും മാഗസിന്‍ പുറത്തുവിട്ടു. പക്ഷേ, 2019 മാര്‍ച്ചില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി അസീമാനന്ദയെ കുറ്റവിമുക്തനാക്കി.

 

Latest News