ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാന്‍ മമ്മൂട്ടിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് സംവിധായകന്‍ ലിംഗുസാമി. ഭ്രമയുഗത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷം സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരുപാട് ചിത്രങ്ങള്‍ ചെയ്തതിന് ശേഷവും ഇത്രയും വ്യത്യസ്തത മമ്മൂട്ടി സാറിന് എങ്ങനെ കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാന്‍ പോകുന്ന മാജിക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി അഭിനയിച്ച 'ആനന്ദം' എന്ന ചിത്രത്തിലൂടെ തമിഴില്‍ സംവിധായകനായി തുടക്കമിട്ടയാളാണ് എന്‍. ലിംഗുസാമി. പയ്യ, വേട്ടൈ, സണ്ടക്കോഴി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. മമ്മൂട്ടിയും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്ന ഭ്രമയുഗം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തും. രാഹുല്‍ സദാശിവനാണ് ചിത്രം ഒരുക്കുന്നത്.