ജനീവ- ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ക്രൂരതയും നാശനഷ്ടങ്ങളും പുറം ലോകത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവരെ ജീവന്‍ നല്‍കിയത് 85 മാധ്യമ പ്രര്‍ത്തകര്‍. അവര്‍ ലോകത്തെ കാണിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ചിത്രങ്ങള്‍ സഹിതം ചേര്‍ത്തിരിക്കയാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും.
ഗാസയില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് മരിച്ചതെങ്കില്‍ മറ്റുള്ളവര്‍ അവരുടെ കുടുംബത്തോടൊപ്പമാണ് കൊല്ലപ്പെട്ടത്.
ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പോലെ ശാന്തതയുടെ അപൂര്‍വ നിമിഷങ്ങളും അവര്‍ റെക്കോര്‍ഡ് ചെയ്ത് കഴിയുന്ന വിധത്തില്‍ ലോകത്തെ കാണിക്കാന്‍ ശ്രമിച്ചു.
അവര്‍ കുറേ ചിത്രങ്ങള്‍ അവശേഷിപ്പിച്ചച്ചാണ് ഈ ലോകത്തോട് വിട ചൊല്ലിയത്. തങ്ങളുടേത് അവസാനത്തെ വാക്കുകളാണെന്ന് അവര്‍ ഒരിക്കലും കരുതിക്കാണില്ല. യുദ്ധത്തില്‍ ഉപരോധിച്ച ഫലസ്തീനികളുടെ ജീവിതത്തിലേക്കുള്ള നേര്‍ക്കാഴ്ചയാണ് ഇവരൊക്കെയും നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നാല് മാസത്തെ യുദ്ധത്തില്‍ സപ്പോര്‍ട്ട് സ്റ്റാഫും തര്‍ജമക്കാരും ഉള്‍പ്പെടെ കുറഞ്ഞത് 85 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതിയുടെ (സി.പി.ജെ) കണക്ക്. 30 വര്‍ഷം മുമ്പ് സി.പി.ജെ ആഗോള റെക്കോര്‍ഡ് സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ച് പേര്‍ വീതമെങ്കിലും കൊല്ലപ്പെട്ടു. ഒക്‌ടോബര്‍ 7 ന് ഹമാസ് ഇസ്രായിലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഇസ്രായേലി പത്രപ്രവര്‍ത്തകരും ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകരും സിപിജെയുടെ കണക്കില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.