മുംബൈ- മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പട്ടോളെക്കാണ് ചവാന്‍ രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ മുന്‍ എം.എല്‍.എ എന്ന പദവിയും ചവാന്‍ ചേര്‍ത്തിരുന്നു.
മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ചവാന്‍ 1987 മുതല്‍ 1989 വരെ ലോക്‌സഭാ എം.പിയായും സേവനമനുഷ്ഠിക്കുകയും 2014 മെയ് മാസത്തില്‍ വീണ്ടും രാജ്യസഭയിലേക്ക് രഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1986 മുതല്‍ 1995 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു.
1999 മുതല്‍ 2014 മെയ് വരെ അദ്ദേഹം മൂന്ന് തവണ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായി. 2008 ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2010 നവംബര്‍ 9 ന്‌കോണ്‍ഗ്രസ് അദ്ദേഹത്തോട് ഓഫീസ് രാജിവെക്കാന്‍ ആവശ്യപ്പെട്ടു.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നന്ദേഡ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ല്‍ ബിജെപിയുടെ പ്രതാപ് പാട്ടീല്‍ ചിഖാലിക്കറോട് പരാജയപ്പെട്ടു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശങ്കര്‍റാവു ചവാന്റെ മകനാണ്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ചവാന്‍. സൗത്ത് മുംബൈ മുന്‍ എംപി മിലിന്ദ് ദിയോറയും മുന്‍ എംഎല്‍എ ബാബ സിദ്ദിഖും നേരത്തെ പാര്‍ട്ടി വിട്ടു.
ചവാന്‍ ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമായ മറുപടി നല്‍കിയില്ല.
മറ്റ് പാര്‍ട്ടികളിലെ ഉന്നതരായ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുതിര്‍ന്ന നേതാക്കളുടെ പെരുമാറ്റം കാരണം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുകയാണെന്നുമായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.