രാജ്യാന്തര കൊക്കോ വില പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെച്ചു. ചോക്ലേറ്റ് ഭീമൻമാരിൽനിന്നുള്ള ഡിമാന്റ് ഉൽപ്പന്ന വില സർവകാല റെക്കോർഡ് തലത്തിലെത്തിച്ചു. ജനുവരിയിൽ ടണ്ണിന് 4000 ഡോളറിൽ വിപണനം നടന്ന കൊക്കോ നിലവിൽ റെക്കോർഡായ 6030 ഡോളറിലെത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിൽ വിളവ് പ്രതീക്ഷിച്ചതിലും ഗണ്യമായി കുറയുമെന്ന വിവരം കൊക്കോ വിലയുടെ കുതിച്ചു ചാട്ടം ശക്തമാക്കി. കൊക്കോ ക്ഷാമം വിട്ടുമാറില്ലെന്ന തിരിച്ചറിവ് വ്യവസായികളെ വില തുടർച്ചയായി ഉയർത്താൻ പ്രേരിപ്പിച്ചു. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ കനത്ത മഴയിൽ കൊക്കോയിൽ ബ്ലാക്ക് പോഡ് രോഗം വ്യാപകമായത് ഉൽപാദനത്തെ ബാധിച്ചു. ഒക്ടോബർ മുതൽ കയറ്റുമതി ചുരുങ്ങിയത് ചോക്ലേറ്റ് നിർമാതാക്കളെ സമ്മർദ്ദത്തിലാക്കി. ആഫ്രിക്കൻ രാജ്യമായ ഘാനയിലും ഉൽപാദനം കുറഞ്ഞു. കേരളത്തിലെ കൊക്കോ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ്. കഴിഞ്ഞ വർഷം കിലോ 200-240 രൂപയിൽ വ്യാപാരം നടന്ന കൊക്കോ നിലവിൽ 350-365 രൂപയായി.
ചൈന ന്യൂ ഇയർ ആഘോഷങ്ങളിലേയ്ക്ക് തിരിഞ്ഞു, ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന അവധി ദിനങ്ങൾക്ക് ശേഷമേ അവർ ഇനി വിപണിയിൽ തിരിച്ചെത്തു. ജാപ്പാനീസ് മാർക്കറ്റ് ബുള്ളിഷായതിനാൽ അവധി ദിനങ്ങൾക്ക് ശേഷം വിപണനം പുനരാരംഭിക്കുമ്പോൾ നിരക്ക് വീണ്ടും ഉയരാം. റബർ കയറ്റുമതി രാജ്യമായ തായ്‌ലന്റിൽ ഷീറ്റ് വില 18,400 രൂപ വരെ ഉയർന്ന ശേഷം 17,600 ലാണ് വാരാന്ത്യം.
കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വരവ് കുറവാണ്. വിലക്കയറ്റം പ്രതീക്ഷിച്ച് കർഷകരും സ്‌റ്റോക്കിസ്റ്റുകളും റബർ പിടിച്ചു. ഇതിനിടയിൽ പകൽ ചൂട് കനത്തതോടെ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങി. വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ നാലാം ഗ്രേഡ് 19,000 രൂപയിലേയ്ക്ക് ഉയരേണ്ടതാണ്. എന്നാൽ വ്യവസായികളുടെ തണുപ്പൻ മനോഭാവം മൂലം നാലാം ഗ്രേഡ് 16,400 രൂപയിലാണ്.
കുരുമുളക് വില വീണ്ടും ഇടിഞ്ഞു. 55,500 രൂപയിൽ നിന്നും അൺ ഗാർബിൾഡ് 54,400 രൂപയായി. വിളവെടുപ്പ് മുന്നേറിയ തക്കത്തിന് ഉത്തരേന്ത്യകാർ നിരക്ക് താഴ്ത്തി. കർണാടകത്തിലെ സ്‌റ്റോക്കിസ്റ്റുകളും ചരക്ക് ഇറക്കാൻ തിടുക്കം കാണിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6900 ഡോളറാണ്.
നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന ഉയരാഞ്ഞത് മില്ലുകാരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. വെളിച്ചെണ്ണ 13,900 രൂപയിലും കൊപ്ര 9400 രൂപയിലുമാണ്.
ആഭ്യന്തര വാങ്ങലുകാരും കയറ്റുമതി ഏലക്ക ലേല കേന്ദ്രങ്ങളിൽ സജീവമെങ്കിലും വില ഉയരുന്നില്ല. വിളവെടുപ്പ് അവസാനഘട്ടത്തിൽ നീങ്ങുന്നതിനാൽ പരമാവധി ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. കേരളത്തിൽ സ്വർണ വില താഴ്ന്നു. പവൻ 46,480 രൂപയിൽ നിന്ന് 46,160 രൂപയായി.