ന്യൂഡൽഹി / ചണ്ഡിഗഢ് - ഇന്ത്യാ മുന്നണിക്കു വീണ്ടും തലവേദന കൂട്ടി ആം ആദ്മി പാർട്ടി. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിനു പിന്നാലെ ഡൽഹിയിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.
പഞ്ചാബിലെ 13 സീറ്റിലും ഇന്ത്യാ മുന്നണിയില്ലാതെ ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്നലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഏഴുസീറ്റിലും തനിച്ചു മത്സരിക്കാനുള്ള തീരുമാനം കെജ്രിവാൾ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥികളെ രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പിക്ക് ഒറ്റ പാർട്ടിയെ ഭയമുള്ളൂ. അത് എ.എ.പിയാണ്. അതിനാൽ ആം ആദ്മി പാർട്ടി കഠിനാധ്വാനം ചെയ്താൽ വിജയം ഉറപ്പാണെന്ന് കെജ്രിവാൾ അവകാശപ്പെട്ടു. ഡൽഹിയിലെ ഏഴ് സീറ്റിലും ഞങ്ങൾ വിജയിക്കും. 13 സീറ്റിലും വിജയിച്ച് പഞ്ചാബ് ജനതയും ചരിത്രപരമായ വിജയം പാർട്ടിക്ക് സമ്മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പഞ്ചാബിലെ തരണിൽ നടന്ന എ.എ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. റാലിയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രസംഗിച്ചു.
ബംഗാളിൽ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയായ തൃണമൂൽ കോൺഗ്രസും ഒറ്റയ്ക്കു മത്സരിക്കുമെന്ന് മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനർജിയും ഈയിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മമതയുമായി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. ഇന്ത്യാ മുന്നണിയുടെ മുഖമായിരുന്ന ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻ.ഡി.എ പാളയത്തിലേക്ക് ചുവടു മാറി, ഇന്ത്യാ മുന്നണിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ആം ആദ്മി പാർട്ടിയും സ്വന്തം താൽപര്യപ്രകാരം മുന്നോട്ടു പോകുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള സ്വയം കുഴി വെട്ടലാണെന്നാണ് വിമർശം. എന്നാൽ, യു.പിയിൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ എസ്.പിയും മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമെല്ലാം എൻ.സി.പി പവാർ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും നിറഞ്ഞ പിന്തുണയാണ് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത്. തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും കോൺഗ്രസിനൊപ്പം നിൽക്കുമെങ്കിലും കർണ്ണാടക അടക്കം കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ച ബംഗാൾ, ബീഹാർ, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലെ പുതിയ വെല്ലുവിളികളെ അതിജയിക്കാനുള്ള തീവ്ര ആലോചനകളിലാണ് കോൺഗ്രസ് നേതൃത്വം.