ന്യൂദല്‍ഹി- മുന്‍മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകാലത്ത് 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് 15 വര്‍ഷം മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊല കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതിക്ക് രണ്ടാഴ്ച മുമ്പാണ് സുപ്രീം കോടതിയുടെ ഉത്തരവ് ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിന് മുസ്ലിംകളെ കൂട്ടക്കൊലയ ചെയ്ത കലാപത്തില്‍ ബി.ജെ.പി സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണ ശക്തമായ പശ്ചാത്തലത്തില്‍ അന്വേഷണം ഗുജറാത്തിനു പുറത്തേക്കു മാറ്റണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഈ ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ ഹരജി പരിഗണിച്ചാണ് 2008-ല്‍ ഗുജറാത്ത് കലാപക്കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഈ ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഇക്കാലയളവിനിടെ നടപ്പിലായിട്ടുണ്ടെന്ന് വിവിവിധ കോടതി ഉത്തരവുകള്‍ പരിശോധിച്ച സുപ്രീം കോടതി വ്യക്തമാക്കിയാണ് ഇനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്. ഗുജറാത്ത് കലാപലുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ ഇനി നരോദ ഗാം കൂട്ടക്കൊല കേസ് മാത്രമാണ് വിചാരണ പൂര്‍ത്തിയാകാനുള്ളത്. ഈ കേസ് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ എസ്.ഐ.ടിയോത് കോടതി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക കോടതിക്ക് ഒക്ടോബര്‍ 16 വരെ സമയം അനുവദിച്ചു. എട്ടു മറ്റു കേസുകളില്‍ ഇതുവരെ 80 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.