ന്യൂദൽഹി- പ്രഗതി മൈതാനത്ത് ആരംഭിച്ച ലോക പുസ്‌കതമേളയിൽ ശ്രദ്ധാകേന്ദ്രമായി സൗദി. ഈ വർഷത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയാണ് സൗദി അറേബ്യ. നാഷണൽ ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ ബഹുഭാഷാ ഇന്ത്യ, ജീവിക്കുന്ന പാരമ്പര്യം എന്ന പ്രമേയത്തിലാണ്. ഈ മാസം 18 വരെയാണ് പ്രദർശനം. ലോകമെമ്പാടുമുള്ള 1,000ലധികം പ്രസാധകർ പങ്കെടുക്കുന്നു. സൗദി അറേബ്യയിൽ നിന്നുള്ള 25 പ്രതിനിധികൾ പുസ്തകമേളയുടെ ഓണററി അതിഥിയായി രാജ്യത്തിന്റെ സാഹിത്യ പൈതൃകം അവതരിപ്പിക്കുമെന്ന് നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ഡയറക്ടർ യുവരാജ് മാലിക് പറഞ്ഞു. സൗദി അറേബ്യയുടടെ സാഹിത്യം, ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവ പ്രദർശിപ്പിക്കും.
'സൗദി അറേബ്യയുടെ എക്‌സിബിഷനിൽ വൈവിധ്യമാർന്ന പുസ്തകങ്ങൾ, രചയിതാക്കൾ, സാംസ്‌കാരിക ഘടകങ്ങൾ എന്നിവയും ഉണ്ടാകും.
സൗദി പ്രതിനിധികൾ പുസ്തകമേളയ്ക്കായി കാത്തിരിക്കുകയാണെന്ന് സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ്, ട്രാൻസ്ലേഷൻ കമ്മീഷൻ പബ്ലിഷിംഗ് ജനറൽ മാനേജർ അബ്ദുല്ലത്തീഫ് അൽവാസൽ പരിപാടിക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.