ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മരണം ആറായി. പരുക്കേറ്റ ഇരുന്നൂറോളം പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 19 പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
5000 പേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് നൈനിറ്റാളിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് മീണ പറഞ്ഞു.
നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. നിരോധാജ്ഞ ഭാഗികമായി പിന്‍വലിച്ചു. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും കടകള്‍തുറന്നു. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വേട്ടയാടപ്പെടുകയാണെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ സിംഗ് ആരോപിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംഭവസ്ഥലം സന്ദര്‍ശിച്ചു. നിയമം കയ്യിലെടുത്തു സര്‍ക്കാര്‍ സംവിധാനത്തിനെതിരെ കലാപം അഴിച്ചുവിട്ടുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.