Sorry, you need to enable JavaScript to visit this website.

ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു

ന്യൂദൽഹി- പ്രമുഖ ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു. 51 വയസായിരുന്നു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ദൽഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയായിരുന്നു  അന്ത്യം. അസുഖത്തെ തുടർന്ന് വൈശാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കൃഷ്ണനഗറിലെ ക്ഷേത്രത്തിലേക്ക് പോകാൻ തരുൺ സാഗർ നിർബന്ധിച്ചതോടെ ആശുപത്രിയിൽനിന്ന് മാറ്റി. ഇന്ന് പുലർച്ചെ 3.18ന് അന്ത്യം സംഭവിക്കുകയും ചെയ്തു. 
1967 ജൂൺ 26ന് മദ്ധ്യപ്രദേശിലെ ദാമോഹിൽ ജനിച്ച തരുൺ സാഗറിന്റെ യഥാർത്ഥ പേര് പവൻകുമാർ ജെയിൻ എന്നാണ്. 1980ൽ ആചാര്യ പശുപദന്ത് സാഗറിൽ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. പാദം നിലത്തു തൊടുന്നത് പോലും അന്യജീവികൾക്ക് ഹാനികരമാകരുതെന്ന ചിന്താഗതിയാണ് തരുൺ സാഗറിനുള്ളത്. 2016ൽ ഹരിയാന നിയമസഭയിൽ അംഗങ്ങളുടെ മുന്നിൽ പൂർണ നഗ്‌നനായി തരുൺ സാഗർ പ്രസംഗിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2013ൽ ജയ്പൂരിൽ ആർ.എസ്.എസിന്റെ സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് സംസാരിച്ചതും ഏറെ വാർത്താ പ്രാധാന്യം നേടി. പ്രധാനമന്ത്രി മോഡി പലപ്പോഴായി ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുരേഷ് പ്രഭു, തുടങ്ങിയവർ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തരുൺ സാഗറിന് രാജ്യം ഏതുകാലത്തും ഓർമിക്കുമെന്ന് മോഡി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി വിവിധ കക്ഷികളും തരുൺ സാഗറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 

Latest News