ലണ്ടന്‍ - ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 2.2 മില്യന്‍ പൗണ്ട് (ഏകദേശം 22 കോടി രൂപ) ആണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട നികുതി രേഖ. ഇതിന് 508,308 പൗണ്ട് നികുതിയായും നല്‍കി. പ്രധാനമന്ത്രിയെന്ന നിലയില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിച്ചത് 432,884 പൗണ്ടാണ്. ഇതിന് നികുതിയായി 163,364 പൗണ്ട് അടച്ചു. ഇതിനു പുറമേ അമേരിക്കയിലെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍നിന്നുള്ള 1.8 മില്യന്‍ വരുമാനത്തിന് ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സായി 359,240 പൗണ്ടും നല്‍കി.
2022 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം രണ്ടാം തവണയാണ് ഋഷി സുനക് തന്റെ വരുമാനവും നികുതി വിവരങ്ങളും പരസ്യമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇതിനു മുമ്പ് സമാനമായ രീതിയില്‍ അദ്ദേഹം ഇത് പൊതുസമൂഹത്തിനു മുന്നില്‍ വച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള മൂന്നുവര്‍ഷത്തെ കണക്കുകള്‍ ഒരുമിച്ചായിരുന്നു അന്ന് അദ്ദേഹം പുറത്തുവിട്ടത്. മികച്ച ജോലി ഉപേക്ഷിച്ച് ബിസിനസില്‍ എത്തുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയും ചെയ്ത ഋഷി സുനക് ബ്രിട്ടിഷ് പാര്‍ലമെന്റിലെ സമ്പന്ന എം.പിമാരില്‍ ഒരാളാണ്.