കാലിഫോര്‍ണിയ- ദക്ഷിണ കാലിഫോര്‍ണിയയില്‍ വെള്ളിയാഴ്ചയുണ്ടായ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ഹോളിവൂഡ്, ടിവി നടി വാനെസ മാര്‍ക്കെസ് (49) ആണെന്ന് സ്ഥിരീകരിച്ചു. അടിയന്തിര സഹായമഭ്യര്‍ത്ഥിച്ചു ലഭിച്ച വിളിയെ തുടര്‍ന്ന് അപാര്‍ട്ട്മെന്റിലെത്തിയ പോലീസിനു നേര്‍ക്ക് വാനെസ കളിത്തോക്ക് ചൂണ്ടിയതിനെ തുടര്‍ന്ന് പോലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു. ലോസ് ആഞ്ചലസിനടുത്ത സൗത്ത് പസഡെനയിലെ അപ്പാര്‍ട്മെന്റില്‍ വച്ച് മാരകമായി വെടിയേറ്റ വാനെസ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
അപരസ്മാര ബാധയെ തുടര്‍ന്ന് വീണു കിടക്കുന്നതു കണ്ട ഇവരുടെ വീട്ടുടമയാണ് അടിയന്തിര വൈദ്യസഹായമഭ്യര്ത്ഥിച്ച് പോലീസിനു വിൡച്ചത്. വൈദ്യ സഹായ സംഘവും പോലീസും സ്ഥലത്തെത്തി ചികിത്സ നല്‍കിയതോടെ സുഖം വാനെസ സുഖം പ്രാപിച്ചിരുന്നു. ശേഷം മൂന്ന് പോലീസ് ഓഫീസര്‍മാരോടും ഒരു മാനസിക രോഗ വിദഗ്ധനുമായി വാനെസ ഒന്നര മണിക്കൂറോളം തുടര്‍ ചികിത്സയെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിനിടെ ഒരു കളിത്തോക്ക് കയ്യിലെടുത്ത വാനെസ പോലീസിനു നേര്‍ക്ക് ചൂണ്ടി. ഇത് യഥാര്‍ത്ഥ തോക്കാണെന്ന് തെറ്റിദ്ധരിച്ച രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉടന്‍ വാനെസയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പോലീസ് ഓഫീസര്‍മാരുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന രഹസ്യ കാമറ സംഭവം മുഴുവനായും ഒപ്പിയെടുത്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ ആറു മാസത്തേക്ക് ഇതു പുറത്തു വിടില്ല.
അതിനിടെ വാനെസയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി അവരുടെ സുഹൃത്തായ ടെറന്‍സ് ടവല്സ് കനോട്ട് പറഞ്ഞു. ആരോഗ്യപരമായു സാമ്പത്തികമായും പ്രയാസത്തിലായിരുന്ന വാനെസയില് വിഷാദമോ മറ്റു മാനസിക രോഗ ലക്ഷണങ്ങളോ കണ്ടിരുന്നില്ലെന്നും കനോട്ട് പോലീസിനോട് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ അതിജീവിച്ച് ഹോളിവുഡില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു വാനെസയെന്നും കനോട്ട് പറഞ്ഞു. തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വാനെസ ഫേസ്ബുക്കില്‍ പലതവണ എഴുതിയിരുന്നു.
ഹോളിവൂഡില്‍ സഹതാരങ്ങൡ നിന്നുള്ള ലൈംഗിക ചൂഷണത്തെ കുറിച്ച് സംസാരിച്ചതിന് നടന് ജോര്‍ജ് ക്ലൂണി തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അവസരങ്ങള്‍ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി വാനെസ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.