അലിഗഡ്- മുസ്ലിം വോട്ടുകള്‍ അനുകൂലമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം സര്‍വകലാശാലകളുടെ നേതൃത്വങ്ങളില്‍
തങ്ങളുടെ ഇഷ്ടക്കാരായ മുസ്ലിംകളെ നിയമിക്കാനുള്ള പദ്ധതികള്‍ നടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുപ്പമുള്ള ഹിന്ദു വിഭാഗമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മുസ്ലിം വോട്ടര്‍മാരെ കോണ്‍ഗ്രസ് പോലുള്ള സംഘടനകളില്‍ നിന്നും അകറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ബി. ജെ. പിക്ക് ഒന്‍പത് ശതമാനത്തോളം മുസ്ലിം വോട്ടുകള്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇക്കുറി അത് 17 ശതമാനത്തിലേക്ക് എത്തിക്കാനാണ് ശ്രമം.
പാര്‍ലമെന്റില്‍ ഒരു മുസ്ലിം പോലും ബി. ജെ. പിക്ക് അംഗമായില്ല. എങ്കിലും തുടര്‍ച്ചയായ മൂന്നാം തവണയും ബി. ജെ. പി അനായാസം വിജയം വരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മുസ്ലിം വോട്ടുകള്‍ ബി. ജെ. പി നേടിയെടുക്കുമെന്നാണ് മുസ്ലിം ഗ്രൂപ്പുകളുടെ നേതൃത്വം വഹിക്കുന്ന ആര്. എസ്. എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളും ഹിന്ദു തീവ്രസംഘടനയായ ആര്. എസ്. എസും പതിറ്റാണ്ടുകളായി ഇരുപക്ഷത്തായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ചില ബി. ജെ. പി അംഗങ്ങളും അനുബന്ധ സംഘടനകളും ഇസ്ലാമിക വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ തകര്‍ക്കുകയും ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മതപരമായ വിവേചനം നിലവിലില്ലെന്നാണ് മോഡിയുടെ ഭാഷ്യം.
മുസ്ലിം സഖ്യകക്ഷികളെ ഉന്നത സര്‍വ്വകലാശാല നേതൃത്വങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ആര്. എസ്. എസ് നീക്കം പുതിയ സമീപനമാണ് അടയാളപ്പെടുത്തുന്നത്. മുസ്ലിംകളോട് മാത്രമല്ല ക്രിസ്ത്യാനികള്‍, സിഖ്, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുമായും ആര്. എസ്. എസിന് കടുത്ത ഭിന്നിപ്പുണ്ട്.
മുസ്ലിംകളും ആര്. എസ്. എസും തമ്മിലുള്ള സംവാദത്തിനായി 2002ല്‍ രൂപീകരിച്ച ആര്. എസ്. എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചിലെ അംഗസംഖ്യ ഒരു ദശാബ്ദം മുമ്പ് മോഡി അധികാരത്തിലേറുന്നതിന് മുമ്പ് 10,000 ആയിരുന്നെങ്കില്‍ ഇപ്പോഴത് ഒരു ദശലക്ഷമായി ഉയര്‍ന്നതായി വക്താവ് ഷാഹിദ് സയീദ് പറഞ്ഞു.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന ഹിന്ദു സമൂഹത്തെ ഉയര്‍ത്താന്‍ സ്ഥാപിതമായ ഒരു ഡസനിലധികം സര്‍വ്വകലാശാലകള്‍ ഇന്ത്യയിലുണ്ട്.
എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യക്കുവേണ്ടി പോരാടിയിട്ടും മുസ്ലിം ഭൂരിപക്ഷ കാശ്മീരിലെ ചില സര്‍വ്വകലാശാലകളെ ഇസ്ലാമിക ആക്ടിവിസത്തിന്റെ കേന്ദ്രങ്ങളായും ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ആളുകള്‍ക്കുള്ള സങ്കേതങ്ങളായുമാണ് സര്‍ക്കാര്‍ പണ്ടുമുതലേ കണ്ടത്.
എന്നാല്‍ ഇപ്പോള്‍ 99 ശതമാനം മുസ്ലിം സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരെയും തലവന്മാരേയും ശുപാര്‍ശ ചെയ്യുന്നത് ആര്. എസ്. എസ് നേതാവ് ഇന്ദ്രേഷ് കുമാറാണെന്നും അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ മിക്കവാറും അംഗീകരിക്കുന്നുവെന്നും സയീദ് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഈ സ്ഥാപനങ്ങള്‍ 'ഇന്ത്യ വിരുദ്ധ' പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഇന്ത്യന്‍ പതാകയെ അനാദരിക്കുകയും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പരിപാടികള്‍ ആഘോഷിക്കാതിരിക്കുകയും ചെയ്തുവെന്നും എന്നാല്‍ അത് മാറിക്കൊണ്ടിരിക്കുകയാണെന്നും ഇന്ദ്രേഷ് കുമാര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
'പഠനത്തോടൊപ്പം ഈ സര്‍വ്വകലാശാലകളില്‍ രാഷ്ട്രത്തോടുള്ള സ്നേഹത്തിന്റെ ഒരു ബോധം വളര്‍ന്നുവരുന്നു'വെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, കശ്മീര്‍ യൂണിവേഴ്സിറ്റി, ഖ്വാജ മൊയ്നുദ്ദീന് ചിഷ്തി ഭാഷാ യൂണിവേഴ്സിറ്റി, ജാമിഅ മിലിയ ഇസ്ലാമിയ, ജാമിയ ഹംദര്‍ദ്, മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റി തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ സര്‍വ്വകലാശാലകളില്‍ 'യുവാക്കളിലേക്കും അധ്യാപകരിലേക്കും എത്തിച്ചേരാന്‍ സുസംഘടിത സംവിധാനം' സൃഷ്ടിക്കാന്‍ ആര്. എസ്. എസ് മുസ്ലിം വിഭാഗം ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ കാശ്മീര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായും ദേശീയ ഗാനം ആലപിച്ചതായും സര്‍വകലാശാല അപ്ലോഡ് ചെയ്ത വീഡിയോ കാണിക്കുന്നു. മുന്‍കാലങ്ങളില്‍ എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന പ്രൊഫസര്‍ പറഞ്ഞു.
'ഇപ്പോള്‍ എല്ലാ ചടങ്ങുകള്‍ക്കും ദേശീയ ഗാനം നിര്‍ബന്ധമാണ്,'പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട പ്രൊഫസര്‍ പറഞ്ഞു. 'എല്ലാ വിദ്യാര്‍ഥികളും ജീവനക്കാരും ബഹുമാന സൂചകമായി എഴുന്നേറ്റു നില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു'വെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് സര്‍വകലാശാലകള്‍ പ്രതികരിച്ചില്ല.
കാല്‍ലക്ഷം വിദ്യാര്‍ഥികളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം സര്‍വ്വകലാശാലയായ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ 2017 മുതല്‍ 2023 വരെ വൈസ് ചാന്‍സലറായിരുന്നു താരിഖ് മന്‍സൂര്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജിവെച്ച് ബി. ജെ. പി സംസ്ഥാന നിയമസഭാംഗമാകുകയും മൂന്ന് മാസത്തിന് ശേഷം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ബി. ജെ. പിയുമായോ ആര്. എസ്. എസുമായോ അടുപ്പമുള്ള ഫാക്കല്‍റ്റികളുടെ എണ്ണം അടുത്ത കാലത്തായി സര്‍വകലാശാലയില്‍ വര്‍ധിച്ചതായി മധ്യകാല ഇന്ത്യന്‍ ചരിത്രത്തിന്റെ പ്രൊഫസറായ സയ്യിദ് അലി നദീം റെസാവി പറഞ്ഞു.
നരേന്ദ്ര മോഡിക്ക് പ്രണാമം അര്‍പ്പിച്ചാല്‍ മാത്രമേ തനിക്ക് വൈസ് ചാന്‍സലറായി തുടരാനാകൂ എന്ന് തന്റെ വൈസ് ചാന്‍സലര്‍ക്ക് അറിയാമെന്നും റെസാവി പറഞ്ഞു.
സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സര്‍ക്കാര്‍ സ്വന്തം നോമിനികളെ തെരഞ്ഞെടുത്തതില്‍ അസ്വാഭാവികതയില്ലെന്ന് ബി. ജെ. പി വക്താവ് ഷാസിയ ഇല്‍മി പറഞ്ഞു. എല്ലാ സര്‍ക്കാരുകളും അത് ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. 'കൂടാതെ, ദേശീയത ഒരു നല്ല കാര്യമാണെന്നും മുസ്ലിംകള് ദേശീയതയില്‍ സന്തുഷ്ടരാണെന്നും അവര്‍ വിശദമാക്കി.