ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി വക ഇന്ന് പാർലമെന്റിൽ എട്ടു എം.പിമാർക്ക് അപ്രതീക്ഷിത വിരുന്ന്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കാണ് എട്ടു എം.പിമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശമെത്തിയത്. ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുവെന്നുള്ള സന്ദേശത്തിൽ എട്ടു എം.പിമാരും അത്ഭുതപ്പെട്ടു. കേരളത്തിൽനിന്നുള്ള എം.പി എൻ.കെ പ്രേമചന്ദ്രൻ അടക്കം എട്ടു എം.പിമാരെയാണ് മോഡി ക്ഷണിച്ചത്. എം.പിമാർ പ്രധാനമന്ത്രിക്കൊപ്പം വെജ് താലിയും റാഗി ലഡുവും കഴിക്കുകയും ചെയ്തു. ബി.ജെ.പി എം.പിമാരായ ഹീന ഗാവിത്, എസ്.ഫാൻഗ്‌നോൺ കൊന്യാക്, ജംയാങ് സെറിംഗ് നംഗ്യാൽ, എൽ.മുരുഗൻ, ടി.ഡി.പി എം.പി രാംമോഹൻ നായിഡു, ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ, ബി.ജെ.ഡി എം.പി സസ്മിത് പത്ര എന്നിവരാണ് മോഡിക്കൊപ്പമുണ്ടായിരുന്ന മറ്റ് എം.പിമാർ.
ഉച്ചക്ക് രണ്ടരക്കാണ് പ്രധാനമന്ത്രിയുടെ ഫോൺ എത്തിയത്. 'ചാലിയേ, ആപ്‌കോ ഏക് ശിക്ഷ ദേനാ ഹേ (നമുക്ക് പോകാം. ഇന്ന് എന്റെ വക നിങ്ങൾക്കൊരു ശിക്ഷയുണ്ട്) എന്നായിരുന്നു ഫോൺ. എല്ലാവരും കാന്റീനിലിരുന്ന് മോഡിക്കൊപ്പം ഭക്ഷണം കഴിച്ചു. തന്റെ ഇഷ്ടഭക്ഷണം കിച്ചടിയാണെന്ന് മോഡി പറഞ്ഞു. ഞാൻ എല്ലായ്‌പ്പോഴും പ്രധാനമന്ത്രി മോഡിൽ അല്ലെന്നും മോഡി പറഞ്ഞു. പ്രധാനമന്ത്രിയുമായി അടുത്തിരുന്ന് സംസാരിക്കാനുള്ള അപൂർവ അവസരം എം.പിമാർ ഉപയോഗപ്പെടുത്തി. മോഡിയുടെ ഷെഡ്യൂളുകളെക്കുറിച്ചും തിരക്കേറിയ വിദേശ യാത്രകളെക്കുറിച്ചും മറ്റും സംസാരിച്ചു.ഇതൊരു മഹത്തായ അനൗപചാരിക അനുഭവമാണെന്ന് എം.പിമാർ പറഞ്ഞു.