കൊച്ചി- തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എസ്. എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സീക്രട്ട് എന്നാണ്.
ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ കൂടെയാണ് റിലീസ് ചെയ്തത്. പ്രിഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പങ്കുവച്ചു.
ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്. എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. എറണാകുളം, പാലക്കാട്, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ നാല്പത്തി അഞ്ചു ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ഡി. ഒ. പി- ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ്- ബസോദ് ടി. ബാബുരാജ്, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.