കൊച്ചി-മലയാളത്തിലെ യുവനായികയായി തിളങ്ങി നില്‍ക്കവേ ദിവ്യ ഉണ്ണി, കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശനങ്ങളും നേരിട്ടു. ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. 'അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാന്‍. കാരണം കമന്റുകള്‍ തന്നെയാണ്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ ശരിയാണ് അല്ലങ്കില്‍ നമ്മള്‍ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാന്‍ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തില്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. അവര്‍ മറുപടിയും നമ്മുടെ സമയവും അര്‍ഹിക്കുന്നില്ല. ഞാന്‍ നെഗറ്റീവ് കമന്റുകള്‍ നോക്കാറുമില്ല', എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.