ചെന്നൈ-സമത്വ മക്കള്‍ കക്ഷി നേതാവും നടനുമായ ശരത്കുമാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗമായ അദേഹം ബിജെപിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
ശരത് കുമാര്‍ 1998 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ തിരുനെല്‍വേലിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് 2001 ല്‍ രാജ്യസഭാംഗമായത്. അതിനാല്‍ ബിജെപിയോട് മത്സരിക്കാന്‍ തിരുനെല്‍വേലി സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയും സ്ഥിരീകരിച്ചു. ഡിഎംകെയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2006 ല്‍ പാര്‍ട്ടി വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാധിക പുറത്തായതോടെ 2007 ല്‍ സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടി രൂപികരിച്ചു. 2011 ല്‍ തെങ്കാശിയില്‍നിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കൊപ്പം മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാന്‍ പാര്‍ട്ടിക്കായില്ല.