Sorry, you need to enable JavaScript to visit this website.

കേസ് തുടരുന്നതിനിടെ പള്ളിയും മദ്‌റസയും തകർത്തു; ഉത്തരാഖണ്ഡിലെ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു, 250 പേർക്ക് പരുക്ക്

ഡെറാഡൂൺ - സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ചുള്ള നിയമയുദ്ധം നടന്നുകൊണ്ടിരിക്കെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 250 പേർക്ക് പരുക്കേറ്റു.
 ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ ഭൂമി തിരിച്ചുപിടിക്കൽ ശ്രമം നടക്കുന്നുണ്ട്. അതിനിടെ, മസ്ജിദ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച വാദം കേൾക്കുകയും കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കാനിരിക്കെയുമാണ്, ധൃതിപിടിച്ച് കോർപ്പറേഷൻ അധികൃതർ പള്ളിയും മദ്രസയും പൊളിച്ചത്. ഇതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഒപ്പം ഉത്തരാഖണ്ഡിൽ ഏകസവിൽ കോഡ് നടപ്പാക്കിയതിനെതിരേയും സമാധാനപരമായ പ്രതിഷേധം ഉയരുകയുണ്ടായി. ഇതിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ലാത്തി വീശിയാണ് പോലീസ് നേരിട്ടത്.
 പ്രതിഷേധക്കാരെ പോലീസ് ഭീകരമായി മർദ്ദിക്കുകയും സമരക്കാർ ബൻഭുൽപുര പോലീസ് സ്റ്റേഷൻ വളയുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഇവർ വാഹനങ്ങൾക്ക് തീയിട്ടതായും മാധ്യമ റിപോർട്ടുകളുണ്ട്. കോടതി പരിഗണനയിലുള്ള വിഷയങ്ങളിൽ തീർപ്പാകുന്നതിന് മുമ്പേ മുസ്‌ലിംകൾ പ്രാർത്ഥനയും പഠനവും തുടരുന്ന കേന്ദ്രങ്ങൾ ആസൂത്രിതമായി തകർത്ത് മുൻസിപ്പൽ അധികൃതർ പ്രകോപനം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിമർശം.
 സംഭവത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച് ആക്രമണം നടത്തുന്നവരെ വെടിവെക്കാൻ ഉത്തരവിട്ടതായി കലക്ടർ അറിയിച്ചു. ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്‌ഫോമറിന് തീയിട്ടതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിയില്ല. കഴിഞ്ഞവർഷം ഹൽദ്വാനിൽ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി തടഞ്ഞിരുന്നു. റെയിൽവേ വികസനത്തിന്റെ പേരിൽ 4,500-ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. 95 ശതമാനത്തിലധികം മുസ്‌ലിംകൾ താമസിക്കുന്ന ഇടമാണിത്.
 എന്നാൽ, മദ്രസയും പള്ളിയും പൂർണമായും നിയമവിരുദ്ധമാണെന്നാണ് മുനിസിപ്പൽ കമ്മിഷണർ പങ്കജ് ഉപാധ്യായയുടെ നിലപാട്. സമീപത്തെ മൂന്നേക്കർ സ്ഥലം നഗരസഭ നേരത്തെ ഏറ്റെടുക്കുകയും അനധികൃത മദ്രസയും നമസ്‌കാര സ്ഥലവും സീൽ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം അനധികൃത കെട്ടിടം പൊളിക്കാൻ പോയതെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ വാദം. സാമൂഹിക വിരുദ്ധർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസിന്റെയും കേന്ദ്ര സേനയുടെയും അധിക കമ്പനികളെ അവിടേക്ക് അയക്കുന്നുണ്ട്. സമാധാനം നിലനിർത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിരോധനാജ്ഞ നിലവിലുണ്ട്. തീയിട്ട കലാപകാരികൾക്കും കൈയേറ്റക്കാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തിൽ താമര വിരിയില്ലെങ്കിലും നേട്ടമുണ്ടാക്കും; യു.ഡി.എഫിന് വോട്ടുവിഹിതം കുറയുമെന്നും സർവേ

ചുവരെഴുതി നടൻ; രാജ്യത്തുണ്ടാകുന്ന തരംഗം തൃശൂരിലും ഉണ്ടാകും, പ്രഖ്യാപനം ഉടനെ -സുരേഷ് ഗോപി
 

Latest News