Sorry, you need to enable JavaScript to visit this website.

VIDEO - മോഡി ജന്മം കൊണ്ട് ഒ.ബി.സിയല്ല, രാജ്യത്തെ കബളിപ്പിക്കുന്നു- രാഹുല്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെട്ട കുടുംബത്തിലല്ല ജനിച്ചതെന്നും സ്വയം ഒബിസി ആണെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി . ഒഡീഷയിലെ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ മൂന്നാം ദിനത്തില്‍  ജാര്‍സുഗുഡയില്‍ ഹ്രസ്വ പ്രസംഗം നടത്തവേയാണ് രാഹുലിന്റെ പ്രതികരണം.

താന്‍ ഒബിസി ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോഡിജി. 2000ല്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലി ജാതിയില്‍പ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അതിനാല്‍, മോഡി ജന്മം കൊണ്ട് ഒബിസി അല്ല- രാഹുല്‍ അവകാശപ്പെട്ടു.

'ബിജെപി പ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്ത് വരുമ്പോഴെല്ലാം അവരോട് ഒരു കാര്യം പറയൂ, താന്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടവനാണെന്ന് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുകയാണ്. അദ്ദേഹം പിന്നാക്ക വിഭാഗത്തില്‍ ജനിച്ചവനല്ല, പൊതു ജാതിയില്‍ പെട്ടയാളാണ്. നിങ്ങള്‍ ഇത് എല്ലാ ബിജെപി പ്രവര്‍ത്തകരോടും പറയൂ- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ മോഡി സ്വയം 'സബ്‌സെ ബഡാ ഒബിസി' എന്ന് വിളിച്ചതിന് പിന്നാലെയായിരുന്നു ഇത്. പിന്നോക്ക സമുദായങ്ങളിലെ നേതാക്കളോട് കോണ്‍ഗ്രസ് കാപട്യമാണെന്നും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തിങ്കളാഴ്ച ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയത്തിന് മറുപടിയായി മോഡി പറഞ്ഞു: 'കോണ്‍ഗ്രസ് പാര്‍ട്ടിയും യുപിഎ സര്‍ക്കാരും ഒബിസികള്‍ക്ക് നീതി നല്‍കിയില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന ലഭിച്ചു. 1970ല്‍ അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എന്തെല്ലാം  ചെയ്തു. ഒ.ബി.സി.ക്കാരെ സഹിക്കില്ല കോണ്‍ഗ്രസിന്...സര്‍ക്കാരില്‍ എത്ര ഒ.ബി.സി.ക്കാരുണ്ടെന്ന് അവര്‍ കണക്കു കൂട്ടുന്നു. നിങ്ങള്‍ക്ക് (കോണ്‍ഗ്രസിന്) ഇവിടെ ഏറ്റവും വലിയ ഒബിസിയെ കാണാന്‍ കഴിയുന്നില്ലേ? മോഡി ചോദിച്ചു.

 

Latest News