ലഖ്നൗ- അയോധ്യയിലെ ധനിപൂര്‍ ഗ്രാമത്തില്‍ നിര്‍മിക്കാനിരിക്കുന്ന മസ്ജിദിന് തറക്കല്ലിടാന്‍ മക്കയില്‍നിന്നും മദീനയില്‍നിന്നും വിശുദ്ധ ഇഷ്ടികകള്‍ കൊണ്ടുവന്നുവെന്ന വാര്‍ത്തകള്‍ തള്ളി പള്ളി നിര്‍മാണ ചുമതലയുള്ള ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്.
മക്കയില്‍നിന്നോ മദീനയില്‍നിന്നോ ഇത്തരമൊരു ഇഷ്ടിക കൊണ്ടുവന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഫൗണ്ടേഷന് ചെയര്മാന് സഫര്‍ ഫാറൂഖി പറഞ്ഞു. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മേധാവി കൂടിയാണ് ഇദ്ദേഹം. ധനിപൂര്‍ മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്.
അയോധ്യ ജില്ലയിലെ ധനിപൂര്‍ ഗ്രാമത്തില്‍ പുതിയ മസ്ജിദിന് തറക്കല്ലിടാനുള്ള ആദ്യ ഇഷ്ടിക മക്കയിലും മദീനയിലും കൊണ്ടുപോയി വിശുദ്ധമാക്കിയശേഷം മുംബൈയില്‍ എത്തിച്ചുവെന്ന അവകാശവാദത്തിനു പിന്നാലെയാണ് ഫൗണ്ടേഷന് ചെയര്‍മാന്റെ വിശദീകരണം.
മുംബൈയിലെ ചൂളയില്‍ ചുട്ടുപഴുപ്പിച്ച ഇഷ്ടിക അഞ്ച് ഭക്തര്‍ മക്കയിലും മദീനയിലും കൊണ്ടുപോയി മക്കയില്‍ തിരികെ എത്തിച്ചതായി മസ്ജിദ് മുഹമ്മദ് ബിന്‍ അബ്ദുല്ല വികസന സമിതി ചെയര്മാന് ഹാജി അറഫാത്ത് ശൈഖാണ് വെളിപ്പെടുത്തിയിരുന്നത്.
നിര്‍ദിഷ്ട മസ്ജിദിന്റെ പേര് മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നായിരിക്കുമെന്ന് രാജ്യത്തെ മസ്ജിദുകള്‍ക്കുള്ള സംഘടനയായ ഓള് ഇന്ത്യ റബ് തെ മസ്ജിദ് വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന ഇമാമുമാരുടെ യോഗത്തിനു ശേഷമായിരുന്നു ഇത്.
ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ചെയര്മാന് എന്ന നിലയില്‍ ഈ വിഷയത്തില്‍ ശൈഖിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് സഫര്‍ ഫാറൂഖി പറഞ്ഞു.
മസ്ജിദിന്റെ പേരിലുള്ള ലിഖിതങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും എഴുതയിരിക്കുന്ന കറുത്ത ഇഷ്ടിക മാര്‍ച്ച് 12 ന് റമദാന് ആരംഭിച്ചതിന് ശേഷം അയോധ്യ്ക്ക് സമീപമുള്ള ധനിപൂര്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോകുമെന്ന് ശൈഖ് പറഞ്ഞു.
കുര്‍ളയില്‍ നിന്ന് കിഴക്കന്‍ ഭാഗത്തുള്ള മുളുണ്ടിലേക്ക് വിശുദ്ധ ഇഷ്ടികയും വഹിച്ചുകൊണ്ട് പുണ്യപുരുഷന്മാരുടെ നേതൃത്വത്തില്‍ ഘോഷയാത്ര ഉണ്ടാകുമെന്നും അതിനുശേഷമായിരിക്കും ഇഷ്ടിക ലഖ്നൗവിലേക്കും ധനിപൂരിലേക്കും കൊണ്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ 300 കിലോമീറ്ററിലും പ്രാര്‍ത്ഥനക്കായി യാത്രക്ക് ഇടവേളയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാല്നടയായോണോ വാഹനത്തിലാണോ ഇഷ്ടിക കൊണ്ടുപോകേണ്ടതെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല- അദ്ദേഹം വിശദീകരിച്ചു.
ഒരിടത്തുനിന്നും ഇന്ത്യയിലേക്ക് ഇത്തരം ഇഷ്ടികകള്‍ കൊണ്ടുവന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് വക്താവ് അത്താര്‍ ഹുസൈനും പറഞ്ഞു. മസ്ജിദ് മുഹമ്മദ് ബിന്‍ അബ്ദുല്ല വികസന സമിതി ചെയര്‍മാനായും ഫണ്ട് ശേഖരണത്തിനായും ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് അംഗമായും ഹാജി അറഫാത്ത് ശൈഖിനെ നിയമിച്ചിട്ടുണ്ട്. അതിനായി മാത്രം അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത്താര്‍ ഹുസൈന് പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്ത അയോധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കണമെന്നും അതിനായി അഞ്ചേക്കര്‍ സ്ഥലം ബദല്‍ സ്ഥലം അനുവദിക്കണമെന്നും 2019 നവംബര്‍ ഒമ്പതിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് മസ്ജിദ് സമുച്ചയത്തിനായുള്ള ഭൂമി വിട്ടുനല്‍കി.
ലക്ഷം ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച കുടുംബത്തിന്റെ കാത്തിരിപ്പ് വിഫലമായി, ആ വളര്‍ത്തുനായ ഇനിയില്ല
നിങ്ങള്‍ വി.പി.എന്‍ ഉപയോഗിക്കുന്നുണ്ട്, അതിന്റെ ഇരുണ്ട വശം ചിന്തിച്ചിട്ടുണ്ടോ?
പ്രവാസികളും പറയാൻ പഠിക്കണം; പുച്ഛിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയണം